ഹിന്ദിക്കു പിന്നാലെ ഇംഗ്ലീഷിനെയും കൈയൊഴിയാൻ കന്നഡിഗർ
Tuesday, July 11, 2017 1:34 AM IST
ബംഗളൂരു: നമ്മ മെട്രോയിലെ ഹിന്ദി സൂചനാ ബോർഡുകൾ പ്രതിഷേധത്തെ തുടർന്ന് മാറ്റിയതിനു പിന്നാലെ നഗരത്തിലെ ഇംഗ്ലീഷ് ബോർഡുകൾക്കെതിരേ കന്നഡ സംഘടനകളുടെ പ്രതിഷേധം. നഗരത്തിലെ ഹോട്ടലുകളുടെയും റസ്റ്ററന്‍റുകളുടെയും ഇംഗ്ലീഷ് ബോർഡുകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് കന്നഡ രക്ഷണവേദികെയുടെ നേതൃത്വത്തിൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രക്ഷണവേദികെ പ്രസിഡന്‍റ് പ്രവീണ്‍ ഷെട്ടിയുടെ നേതൃത്വത്തിൽ ഏതാനും റസ്റ്ററന്‍റുകളിലെ ഇംഗ്ലീഷ് ബോർഡുകൾ നീക്കം ചെയ്തിരുന്നു. സംസ്ഥാനത്തിന്‍റെ സ്ഥലവും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ കന്നഡ ഭാഷ പ്രദർശിപ്പിക്കുകയോ കന്നഡിഗർക്ക് ജോലി നല്കുകയോ ചെയ്യുന്നില്ലെന്ന് പ്രവീണ്‍ ഷെട്ടി കുറ്റപ്പെടുത്തി.

അന്യസംസ്ഥാന ഭാഷകൾ പ്രദർശിപ്പിക്കുന്നിനെതിരേ കന്നഡ സംഘടനകൾ ഓണ്‍ലൈൻ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. നേരത്തെ, മെട്രോയിലെ ഹിന്ദി സൂചനാ ബോർഡുകൾക്കെതിരേ നമ്മ മെട്രോ ഹിന്ദി ബേഡ (നമ്മുടെ മെട്രോയിൽ ഹിന്ദി വേണ്ട) എന്ന പേരിൽ ഓണ്‍ലൈൻ പ്രചാരണം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ചിക്പേട്ട്, കെആർ മാർക്കറ്റ്, മജെസ്റ്റിക് സ്റ്റേഷനുകളിലെ ഹിന്ദി അറിയിപ്പുകൾ ബിഎംസിആർഎൽ നീക്കുകയും ചെയ്തു.