കേരള ഫ്രണ്ട്സ് ക്ലബിന്‍റെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾ തുടങ്ങി
സിഡ്നി: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തെ പൊൻവിളക്കേന്തി വരവേൽക്കാൻ തയ്യാറായി നിൽക്കുന്ന മറുനാടൻ മലയാളികളുടെ മുൻനിരയിൽ തന്നെ കേരള ഫ്രണ്ട്സ് ക്ലബ് നിലയുറുപ്പിച്ചിരിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി സാധാരണ നടത്തിവരാറുള്ള ചടങ്ങുകൾക്കു പുറമെ പുത്തൻ വിഭവങ്ങളുമായി ഇക്കൊല്ലത്തെ ഓണാഘോഷം പൂർത്തീകരിക്കുവാൻ അണിയറ പ്രവർത്തകർ തയ്യാറായി കഴിഞ്ഞു.

2017 ഓഗസ്റ്റ് 19ന് ഹോക്ക്സ്ബറി സ്പോർട്സ് കൗണ്‍സിൽ സ്റ്റേഡിയത്തിൽ വച്ചു നടത്തുന്ന ഷട്ടിൽ ടൂർണമന്‍റോടു കൂടി ആരംഭിക്കുന്ന ഓണാഘോഷങ്ങൾ സെപ്റ്റംബർ 16നു നടക്കുന്ന കലാ സംസ്കാരിക സമ്മേളനവും തുടർന്നുള്ള വിഭവസമൃദ്ധമായ സദ്യയോടും കൂടി സമാപിക്കുന്നതായിരിക്കും.

ഇതിനിടയിൽ ഓഗസ്റ്റ് 27നു കെല്ലിവിൽ ഹൈസ്കൂൾ അങ്കണത്തിൽ വച്ചു ക്ലബ് അംഗങ്ങൾക്കായി വിവിധയിനം കലാകായിക മത്സരങ്ങളും സിഡ്നിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്കായി സംഘടിപ്പിക്കുന്ന വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.

വടംവലി മത്സരത്തിൽ ഒന്നാംസമ്മാനമായി 1001 ഡോളറും ട്രോഫിയും രണ്ടാംസമ്മാനമായി 501 ഡോളറും ട്രോഫിയും ലഭിക്കുന്നതാണ്. ഷട്ടിൽ ടൂർണമെന്‍റിലെ ഒന്നാംസ്ഥാനക്കാർക്ക് 500 ഡോളറും ട്രോഫിയും രണ്ടാംസ്ഥാനക്കാർക്ക് 200 ഡോളറും ട്രോഫിയും കൂടാതെ മൂന്നും നാലും സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനമായി യഥാക്രമം 100, 50 ഡോളർ എന്നിവ നൽകുന്നതായിരിക്കും.

ഈ മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നന്പറുമായി ബന്ധപ്പെടേണ്ടതാണ്. ജോസ്: 0431152875, ലിജോ: 0416833400, സ്റ്റെനി: 0488878369, ജിന്നി: 0406596186
ഈ വർഷത്തെ ഓണാഘോഷങ്ങൾ ഭംഗിയായി നടത്തുവാൻ ക്ലബിന് പൂർണപിന്തുണ നൽകിയ പ്ലാറ്റിനം സ്പോണ്‍സർമാരായ പുന്നക്കൽ ഫിനാൻസിയേഴ്സ്, ഫ്ളകസി ഫിനാൻസിയേഴ്സ്, ആമോഘ് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഗോൾഡ് സ്പോണ്‍സറായ വൈക്കം ലോ കൂടാതെ ഷട്ടിൽ ടൂർണമെന്‍റിന് രണ്ടാംസമ്മാനം സ്പോണ്‍സർ ചെയ്ത എവണ്‍ ഓസി കൂളിനും തങ്ങളുടെ ഹൃദയംഗമായ നന്ദി ഭാരവാഹികൾ അറിയിക്കുന്നു.

റിപ്പോർട്ട്: ജെയിംസ് ചാക്കോ