സംസ്ഥാനത്ത് കോളജ് സമയം ഇനി രാവിലെ എട്ടു മുതൽ
Thursday, July 13, 2017 12:57 AM IST
ബംഗളൂരു: സംസ്ഥാനത്തെ 411 സർക്കാർ ഫസ്റ്റ് ഗ്രേഡ് ഡിഗ്രി കോളജുകളുടെ പ്രവർത്തനസമയം രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയാക്കി. കോളീജിയറ്റ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ് കമ്മീഷണറാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. നിലവിൽ ഇത് രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണ്. അതേസമയം, കോളജുകളിലെ ലൈബ്രറികൾ രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കും. പുതിയ സമയക്രമം നാളെ മുതൽ നിലവിൽ വരും.

വിദ്യാർഥികളുടെ താത്പര്യപ്രകാരമാണ് പുതിയ സമയക്രമം കൊണ്ടുവന്നതെന്ന് കമ്മീഷണർ എം.എൻ. അജയ് നാഗഭൂഷണ്‍ അറിയിച്ചു. വിദ്യാർഥികൾക്ക് കൂടുതൽ സമയം ലൈബ്രറികൾ ഉപയോഗപ്പെടുത്താനും പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രണ്ടു സമയക്രമങ്ങളിൽ പ്രവർത്തിക്കുന്ന 94 കോളജുകളിൽ ഈ നിബന്ധന ബാധകമാകില്ല. ഈ കോളജുകളിൽ രാവിലെ എട്ടിനാണ് ആദ്യ ഷിഫ്റ്റ് ആരംഭിക്കുന്നത്. മിക്ക സ്വകാര്യ കോളജുകളും രാവിലെ എട്ടിനും ഒൻപതിനുമിടയിലാണ് പ്രവർത്തനമാരംഭിക്കുന്നത്.

പുതിയ സമയക്രമത്തിനു സമ്മിശ്ര പ്രതികരണമാണ് വിദ്യാർഥിസംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഉത്തരവിനെതിരേ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്താനും ക്ലാസുകൾ ബഹിഷ്കരിക്കാനുമാണ് സംഘടനകളുടെ നീക്കം. ഭൂരിഭാഗം കോളജുകളും താലൂക്ക് കേന്ദ്രങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് രാവിലെ കോളജിലെത്താൻ ബുദ്ധിമുട്ടാണെന്നും കർണാടക ഗവണ്‍മെൻറ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. മതിയായ കൂടിയാലോചനകളില്ലാതെ സർക്കാർ സ്വീകരിച്ച ഈ തീരുമാനം വിദ്യാർഥികളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ പറഞ്ഞു.