മാക്രോണിനും ഫ്രാൻസിനും ട്രംപിന്‍റെ പ്രശംസ
Friday, July 14, 2017 7:58 AM IST
പാരീസ്: എന്തിനെയെങ്കിലും കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നല്ലതു പറയുന്ന പതിവില്ല, യൂറോപ്പിന്‍റെ കാര്യമാകുന്പോൾ പ്രത്യേകിച്ചും. എന്നാലിപ്പോൾ ഫ്രാൻസിനെയും അവിടത്തെ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെയും ട്രംപ് പ്രശംസകളാൽ മൂടുന്നു.

ബാസ്റ്റിൽ ഡേ പരേഡിനോടനുബന്ധിച്ച് മാക്രോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം പാരീസിലെത്തിയപ്പോഴാണിത്. ചുവപ്പു പരവതാനി വിരിച്ച് ഉൗഷ്മള സ്വീകരണം കൂടിയായപ്പോൾ ട്രംപിനു സന്തോഷമായി. ചില പ്രതിഷേധ പ്രകടനങ്ങൾ നടന്നെങ്കിലും അതിനു പിന്നിൽ അമേരിക്കക്കാർ തന്നെയാണെന്നു വ്യക്തമായിരുന്നു.

നേരത്തെ, ഫ്രാൻസ് പഴയ ഫ്രാൻസല്ലെന്നും കുടിയേറ്റ നയത്തിന്‍റെ വൈകല്യമാണ് അവിടെ ഭീകരാക്രമണങ്ങൾ വർധിക്കാൻ കാരണമെന്നും ട്രംപ് പറഞ്ഞത് വിവാദമായിരുന്നു. എന്നാലിപ്പോൾ, ഫ്രാൻസുമായുള്ള സഖ്യം അവിഭാജ്യമാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഇമ്മാനുവൽ മാക്രോണ്‍ മികച്ച പ്രസിഡന്‍റാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലതുപക്ഷ സ്ഥാനാർഥി മരിൻ ലെ പെന്നിനെയാണ് ട്രംപ് പിന്തുണച്ചിരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ