കർദ്ദിനാൾ മൈസ്നറുടെ സംസ്കാരം ശനിയാഴ്ച
Friday, July 14, 2017 8:02 AM IST
കൊളോണ്‍: അന്തരിച്ച കൊളോണ്‍ മുൻ അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ജോവാഹിം മൈസ്നറുടെ കബറടക്കം ജൂലൈ 15 ശനിയാഴ്ച കൊളോണ്‍ കത്തീഡ്രലിൽ നടക്കും. ഡോം കത്തീഡ്രലിന്‍റെ നിലവറയിലാണ് കർദ്ദിനാളിന് അന്ത്യവിശ്രമം ഒരുക്കുന്നത്. കർദ്ദിനാൾ പദവിയിൽ ലഭിയ്ക്കുന്ന സ്ഥാനചിഹ്നങ്ങളോടുകൂടി തന്നെയാണ് അടക്കം നടത്തുന്നത്.

കൊളോണ്‍ ഡോം കത്തീഡ്രലിന്‍റെ സമീപത്തുള്ള സെന്‍റ് ഗിരിയോണ്‍ ബസലിക്കയിൽ നിന്നും വിലാപായാത്ര ശനിയാഴ്ച രാവിലെ 9.15 ന് ആരംഭിയ്ക്കും. രാവിലെ 8.30ന് സെന്‍റ് ഗിരേിയോണ്‍ ദേവാലയത്തിൽ ചടങ്ങൾക്കു പ്രാരംഭം കുറിയ്ക്കും. പത്തിന് കൊളോണ്‍ കത്തീഡ്രലിൽ നടക്കുന്ന ദിവ്യബലിയെ തുടർന്ന് സംസ്ക്കരിക്കും.

കൊളോണ്‍ കർദ്ദിനാൾ റൈനർ മരിയ വോൾക്കി സംസ്ക്കാര കർമ്മങ്ങൾക്ക് മുഖ്യനേതൃത്വം നൽകും. ജർമൻ ബിഷപ്സ് കോണ്‍ഫ്രൻസ് അധ്യക്ഷൻ കർദ്ദിനാൾ മാർക് മ്യൂള്ളർ, വത്തിക്കാനിൽ നിന്നും മാർപാപ്പായുടെ പ്രതിനിധിയും ജർമൻകാരനുമായ ആർച്ച്ബിഷപ്പ് ജോർജ് ഗണ്‍സ്വൈൻ, ബുഡാപെസ്റ്റ് അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ പീറ്റർ എർദോ, വെസ്റ്റ് ഫാളിയ സംസ്ഥന മുഖ്യമന്ത്രി അർമീൻ ലാഷെറ്റ് തുടങ്ങി നിരവധി രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുക്കും.

ജൂലൈ അഞ്ചിനു അന്തരിച്ച മൈസ്നറർക്ക് അന്തിമോപചാരം അർപ്പിക്കാൻ പൊതുജനങ്ങൾക്കും വിശ്വാസികൾക്കും കൊളോണ്‍ രൂപത സെന്‍റ് ഗിരിയോണ്‍ ബസലിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ അവസരം ഒരുക്കിയിരുന്നു. ചങ്ങിൽ പങ്കെടുക്കാൻ ഒരു വലിയ ജനസഞ്ചയത്തെ തന്നെ കൊളോണ്‍ അധികാരികൾ പ്രതീക്ഷിയ്ക്കുന്നു. അതുകൊണ്ടുതന്നെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

1989 മുതൽ 2014 വരെയാണ് കൊളോണ്‍ അതിരൂപതയുടെ കർദ്ദിനാളായി കാൽ നൂറ്റാണ്ടുകാലം സേവനം അനുഷ്ടിച്ച കർദ്ദിനാൾ മൈസ്നർ എണ്‍പതാമത്തെ വയസിൽ 2014 ഫെബ്രുവരിയിൽ കർദ്ദിനാൾ പദവിയിൽ നിന്നും സ്വയം വിരമിയ്ക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ