തെരേസ മേ ആഭ്യന്ത്രമന്ത്രി ആയിരിക്കെ ഹോം ഓഫീസിന് ട്രഷറി പിഴ വിധിച്ചു
Saturday, July 15, 2017 8:19 AM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് മന്ത്രാലയത്തിൽനിന്നു ട്രഷറി പിഴ ഈടാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തൽ.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പാനലിനും അതിന്‍റെ മേധാവിക്കും അർഹിച്ചതിൽ കൂടുതൽ പ്രതിഫലം നൽകിയതാണ് ഇതിനു കാരണമായത്. ഇക്കാര്യത്തിൽ തെരേസ ചട്ട ലംഘനം നടത്തിയെന്നും വ്യക്തമാകുന്നു.

366,000 പൗണ്ടാണ് ആഭ്യന്തര വകുപ്പിന് ട്രഷറി അന്നു പിഴയിട്ടത്. ആറക്ക പ്രതിഫലം നൽകിയത് അനുമതിയില്ലാതെയാണെന്നും വ്യക്തമായിരുന്നു. പ്രഫ. അലക്സിസ് ജേയ് ആണ് ആരോപണവിധേയമായ അന്വേഷണ പാനലിനു നേതൃത്വം നൽകിയത്.

അന്ന് ചാൻസലറായിരുന്ന ജോർജ് ഓസ്ബോണും തെരേസയുമായി അകലാൻ ഈ സംഭവവും ഒരു കാരണമായെന്നാണ് വിലയിരുത്തൽ. രാജ്യത്തെ കടക്കെണിയിൽ നിന്നു രക്ഷിച്ചതിന്‍റെ ക്രെഡിറ്റ് അവകാശപ്പെടാനുണ്ടായിരുന്നിട്ടും ഓസ്ബോണിന് തെരേസ മന്ത്രിസഭയിൽ അവസരം നൽകിയിരുന്നില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ