കർദിനാൾ മൈസ്നർക്ക് അന്ത്യാഞ്ജലിയർപ്പിച്ച് മലയാളികൾ
Monday, July 17, 2017 8:15 AM IST
കൊളോണ്‍: അന്തരിച്ച മുൻ കൊളോണ്‍ ആർച്ച് ബിഷപ് കർദ്ദിനാൾ ജോവാഹിം മൈസ്നർക്ക് ജർമനി ആദരാഞ്ജലികൾ അർപ്പിച്ചു. ജൂലൈ 15 ന് നടന്ന സംസ്കാരചടങ്ങുകളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.

കൊളോണിലെ സെന്‍റ് ഗിറിയോണ്‍ ബസിലിക്കയിലായിരുന്നു പ്രധാന ചടങ്ങുകൾ. നേരത്തെ കത്തീഡ്രലിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ പതിനായിരങ്ങൾ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. രാവിലെ 9.15 ന് സെന്‍റ് ഗിറിയോണ്‍ ബസലിക്കയിൽ നിന്നും വിലാപയാത്രയാരംഭിച്ചു. നഗരികാണിക്കലിനു ശേഷം 10ന് കൊളോണ്‍ കത്തീഡ്രലായ ഡോമിൽ എത്തി. പ്രാർഥനാശുശ്രൂഷകൾക്കുശേഷം മൈസ്നറുടെ നേരത്തെയുള്ള ആഗ്രഹപ്രകാരം കൊളോണ്‍ ഡോമിന്‍റെ അടിയിലുള്ള നിലവറയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്.

കർദ്ദിനാൾ മൈസ്നറുടെ സംസ്കാരചടങ്ങുകൾക്ക് കൊളോണ്‍ ആർച്ച് ബിഷപ് റെയ്നർ മരിയ വോൾക്കി മുഖ്യകാർമികത്വം വഹിച്ചു. ഹംഗറിയിൽ നിന്നുള്ള കർദിനാൾ പീറ്റർ എർഡോ, അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച് ബിഷപ് നിക്കോള എറ്ററോവിച്ച്, കാത്തലിക് ജർമൻ ബിഷപ്സ് കോണ്‍ഫറൻസസ് അധ്യക്ഷൻ കർദിനാൾ റെയനാർഡ് മാർക്സ്, മുഖ്യമന്തി അർമീൻ ലാഷെറ്റ്, ലിംബുർഗ് മുൻബിഷപ് റ്റീബാർറ്റ്സ്, മാർപാപ്പായുടെ പ്രതിനിധി ആർച്ച്ബിഷപ് ഗെൻസ്വൈൻ, സംസ്ഥാന മന്ത്രിമാർ, ജർമനിയിലെ മഴുവൻ കർദ്ദിനാള·ാരും യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് തുടങ്ങി നിരവധി ബിഷപ്പുമാരും വൈദികരും നിരവധി മലയാളി വൈദികരും കൊളോണ്‍ കമ്യൂണിറ്റിയിൽ നിന്നുള്ള മലയാളികളും ഉൾപ്പടെ അയ്യായിരത്തോളം പേർ പങ്കെടുത്തു.

കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്നും ഇന്ത്യൻ പതാകയുമേന്തിയാണ് കർദ്ദിനാളിന്‍റെ അന്ത്യകർമങ്ങളിൽ മലയാളികൾ പങ്കെടുത്തത്. ചടങ്ങിന് ഒരു വൻ ജനാവലിതന്നെ സാക്ഷ്യം വഹിച്ചു.

കാൽ നൂറ്റാണ്ടുകാലം കാലം കൊളോണ്‍ രൂപതയെ നയിച്ച ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ മൈസ്നർ 2015 ൽ കർദ്ദിനാൾ സ്ഥാനത്തുനിന്നും സ്വയം വിരമിക്കുകയായിരുന്നു. കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ 2005 ൽ നടന്ന സിൽവർ ജൂബിലി പെരുനാളിന് മുഖ്യാഥിതിയായിരുന്ന മൈസ്നർക്ക് ഇന്ത്യക്കാരോട് പ്രത്യേകിച്ച് മലയാളികളോട് പ്രത്യേക മമതയുണ്ടായിരുന്നു. നിരവധി തവണ കേരളം സന്ദർശിച്ചപ്പോൾ വിവിധ രൂപതകളിൽ സന്ദർശനം നടത്തി രൂപതാധ്യക്ഷ·ാരുമായി നല്ല ചങ്ങാത്തിലുമായിരുന്നു കർദ്ദിനാൾ മൈസ്നറുടെ വേർപാട് ഇന്ത്യക്കാർക്ക് ഒരു നഷ്ടം തന്നെയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ