യൂറോപ്പിന്‍റെ നയതന്ത്ര നേതൃത്വത്തിലേക്ക് മാക്രോണ്‍
Tuesday, July 18, 2017 8:16 AM IST
പാരീസ്: യൂറോപ്പിന്‍റെ നേതൃത്വം വർഷങ്ങളായി അവരോധിക്കപ്പെട്ടിരിക്കുന്നത് ജർമനിയിലാണ്. നേതൃത്വത്തിന്‍റെ ഉത്തരവാദിത്വങ്ങളിൽ ജർമനി ഏറ്റവും കൂടുതൽ ആശ്രയിച്ചു വരുന്ന പങ്കാളി ഫ്രാൻസും. എന്നാൽ, ജർമനിയിലെ ഹെൽമുട്ട് കോളിനെപോലെയോ ആംഗല മെർക്കലിനെപോലെയോ കരുത്തുറ്റ നേതാക്കൾ ഫ്രാൻസ്വ ഒളാന്തിനുശേഷം ഫ്രാൻസിൽ ഉണ്ടായിട്ടില്ല. അതിന്‍റെ കഷ്ടപ്പാട് എന്നും ജർമനിക്കായിരുന്നുതാനും. ഫ്രാൻസിനൊരു ശക്തമായ നേതൃത്വമുണ്ടാകുക എന്ന ജർമനിയുടെയും യൂറോപ്പിന്‍റെയും ആഗ്രഹമാണ് ഇപ്പോൾ ഇമ്മാനുവൽ മാക്രോണിലൂടെ യാഥാർഥ്യമായിരിക്കുന്നതെന്നു പറയാം.

ജർമനി ഒപ്പം നിൽക്കാൻ ശേഷിയുള്ള ഫ്രഞ്ച് നേതാവിനെയാണ് ആഗ്രഹിച്ചതെങ്കിൽ, മാക്രോണ്‍ ഒപ്പമല്ല, ഒരു പടി മുകളിൽ തന്നെയാണെന്ന സൂചനകളാണ് ഇതിനകം നൽകിയിരിക്കുന്നത്. യൂറോപ്പിന്‍റെ നയതന്ത്ര നേതൃത്വത്തിലേക്ക് മെർക്കലിനെ മറികടന്ന് മാക്രോണ്‍ പ്രതിഷ്ഠിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും വിലയിരുത്തപ്പെടുന്നു.

ഈഫൽ ടവറിൽ വിരുന്നൂട്ടാനും ദേശീയ ദിനത്തിൽ സല്യൂട്ട് സ്വീകരിക്കാനും മാക്രോണ്‍ ക്ഷണിച്ചുവരുത്തിയത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ കാലം മുതൽ കടുത്ത യൂറോപ്യൻ വിരുദ്ധ നിലപാട് സ്വീകരിച്ചു വരുന്ന ട്രംപിന് മാക്രോണ്‍ നൽകിയ ക്ഷണം ഏറെ വിമർശനവിധേയവുമായിരുന്നു. എന്നാൽ, മാക്രോണിന്‍റെ നയതന്ത്ര ചാതുര്യമായിരുന്നു ആ നീക്കത്തിനു പിന്നിലെന്നു വ്യക്തമാകാൻ അധികം കാക്കേണ്ടി വന്നില്ല. ഫ്രാൻസ് പഴയ ഫ്രാൻസല്ലെന്നും രാജ്യത്തിന്‍റെ സുരക്ഷിതത്വം നഷ്ടപ്പെട്ടെന്നും പറഞ്ഞ ട്രംപ്, പറഞ്ഞ വാക്കുകൾ തിരിച്ചെടുത്തും ഏറെ തിരുത്തിയുമാണ് ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങളിൽ യുഎസിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കാനും മാക്രോണിനു സാധിച്ചെന്നു തന്നെയാണ് ഇതുവരെയുള്ള സൂചനകളിൽ വ്യക്തമാകുന്നത്. ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ട്രംപിന്‍റെ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ മാക്രോണിലൂടെ അദ്ദേഹത്തെ അനുനയിപ്പിക്കുക എന്ന യൂറോപ്യൻ ലക്ഷ്യവും ഇതോടെ യാഥാർഥ്യമാകുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ