സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപ്
Wednesday, July 19, 2017 8:02 AM IST
ഫ്രാങ്ക്ഫർട്ട്: സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ലോകത്തിലെ ഏക ദ്വീപ് എന്നു കേൾക്കുന്പോൾ ആദ്യം അന്പരപ്പാണ് തോന്നുക. അതെന്താ? സ്ത്രീകൾക്ക് മാത്രം പ്രവേശനമില്ലാത്തത്. എന്നാൽ ഇത്തരമൊരു ദ്വീപ് ജപ്പാനിലാണ്, ഒക്കിനോഷിമ എന്ന ഈ ദ്വീപിന് യുനസ്കോ പൈതൃക പദവി ലഭിച്ചു. ഇതോടെ ദ്വീപ് ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി.

ജപ്പാന്‍റെ തെക്കു പടഞ്ഞാറൻ ദ്വീപായ ക്യൂഷുവിനും കൊറിയൻ പെൻസുലക്കും മധ്യ ഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഒക്കിനോഷിമ. 700 ചരുരശ്ര മീറ്റർ വിസ്തൃതിയാണ് ഒക്കിനോഷിമ ദ്വീപിനുള്ളത്. നൂറ്റാണ്ടുകളായി പിൻതുടർന്നു വരുന്ന പാരന്പര്യത്തിന്‍റെ ഭാഗമായിട്ടാണ് ഇവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

ശക്തമായ ശുദ്ധി പാലിച്ചാൽ മാത്രമേ ദ്വീപിൽ പുരുഷൻമാർക്കുപോലും പ്രവേശനം ലഭിക്കുകയുള്ളൂ. പവിത്ര ദ്വീപിൽ പുരുഷൻമാർക്ക് പ്രവേശിക്കണമെങ്കിൽ പൂർണ നഗ്നനായിരിക്കണം. ശുദ്ധി വരുത്താൻ കടലിൽ കുളിച്ചിട്ട് വേണം ഇവർ ദ്വീപിൽ പ്രവേശിക്കുവാൻ. ദ്വീപിൽ കണ്ട കാര്യങ്ങൾ ഒന്നും ആരോടും പങ്കുവയ്ക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്. ഷിന്േ‍റാ മതത്തിന്‍റെ ആചാര പ്രകാരം ആർത്തവകാലം അശുദ്ധിയാണ്. അതുകൊണ്ടാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിന് കാരണമായി പറയുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍