ഫ്രഞ്ച് സൈനിക മേധാവി രാജിവച്ചു, മാക്രോണിന് രൂക്ഷ വിമർശനം
Friday, July 21, 2017 4:19 AM IST
പാരീസ്: ഫ്രഞ്ച് സൈനിക മേധാവി ജനറൽ പിയറി ഡി വില്ലിയേഴ്സ് രാജിവച്ചു. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുണ്ടായ പരസ്യ വാക്കേറ്റമാണ് ഇതിനു കാരണമായതെന്ന് ആരോപണം.

ഇതെത്തുടർന്ന് വിവിധ പാർട്ടി നേതൃത്വങ്ങളിൽനിന്ന് മാക്രോണിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. രാജ്യത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് ജനറൽ ഡി വില്ലിയേഴ്സിന്േ‍റത്.

സൈന്യത്തിനുള്ള ബജറ്റിൽ 850 മില്യണ്‍ യൂറോ വെട്ടിക്കുറയ്ക്കാൻ ഫ്രഞ്ച് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതെക്കുറിച്ച് ഡി വില്ലിയേഴ്സ് മാക്രോണിനോടു പരാതിപ്പെട്ടപ്പോൾ അദ്ദേഹം പൊതുവേദിയിൽ ക്ഷുഭിതനായി സംസാരിച്ചുവെന്നാണ് ആക്ഷേപം. ഇത് അപമാനകരമായി തോന്നിയതിനാലാണ് ഡി വില്ലിയേഴ്സ് രാജിവച്ചതെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നു.

അതേസമയം, ജനറൽ ഡി വില്ലിയേഴ്സിന്‍റെ മുൻകോപവും കുപ്രസിദ്ധമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ