ആംസ്ട്രോംഗ് കൊണ്ടുവന്ന ചന്ദ്രനിലെ മണ്ണ് ലേലം ചെയ്തു
Saturday, July 22, 2017 8:28 AM IST
ബെർലിൻ: ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയ നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽനിന്നും കൊണ്ടുവന്ന മണ്ണിന്‍റെ ഒരുഭാഗം ലേലം ചെയ്തു. 1969ലെ അപ്പോളോ 11 ദൗത്യത്തിലാണ് ആംസ്ട്രോംഗും സംഘവും ചന്ദ്രനിലെത്തിയത്.

11.6 കോടി രൂപയ്ക്കാണ് മണ്ണ് ലേലം ചെയ്തിരിക്കുന്നത്. യാത്രയ്ക്ക് ഉപയോഗിച്ച ബാഗ് സഹിതമാണ് അജ്ഞാതൻ ലേലത്തിൽ പിടിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ കൈയിലായിരുന്ന ബാഗും മണ്ണും നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ലേലത്തിൽ വയ്ക്കാൻ തീരുമാനിച്ചത്.

അപ്പോളോ 11 ചാന്ദ്ര വാഹനം ഭൂമിയിൽ തിരിച്ചെത്തിയശേഷം അതിലെ ഏറെക്കുറെ എല്ലാ വസ്തുക്കളും സ്മിത്ത്സോണിയൻ മ്യൂസിയത്തിലേക്കു മാറ്റിയിരുന്നു. ഇതിനിടെ മണ്ണ് അടങ്ങിയ ബാഗ് ലിസ്റ്റ് ചെയ്യാൻ വിട്ടു പോകുകയും ജോണ്‍സണ്‍ സ്പേസ് സെന്‍ററിൽ സൂക്ഷിക്കുകയുമായിരുന്നു.

2015 ൽ ഇത് ഒരു സർക്കാർ ഒരു അഭിഭാഷകന് ലേലത്തിൽ വിറ്റു. നാസ പിന്നീട് ഇതു തിരിച്ചുപിടിക്കാൻ നിയമ പോരാട്ടം നടത്തിയെങ്കിലും അഭിഭാഷകന്‍റെ ഉടമസ്ഥാവകാശം കോടതി അംഗീകരിച്ചു. ഇദ്ദേഹമാണ് ഇപ്പോൾ വീണ്ടും ലേലം ചെയ്തിരിക്കുന്നത്. അമേരിക്കയിലാണ് ലേലം നടന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ