അഭയാർഥി പ്രശ്നം: ജർമൻ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് സത്യസന്ധമായില്ലെന്ന് പഠനം
Saturday, July 22, 2017 8:30 AM IST
ബെർലിൻ: 2015ൽ ജർമനിയിലേക്ക് അഭയാർഥി പ്രവാഹം തുടങ്ങിയതു മുതലിങ്ങോട്ട് മാധ്യമങ്ങൾ സത്യസന്ധമായും വസ്തുതാപരവുമായല്ല വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് പഠനം.

ഓട്ടോ ബ്രെന്നർ ഇൻസ്റ്റിറ്റ്യൂട്ടാണ് അഭയാർഥി വിഷയത്തിലുള്ള ആയിരക്കണക്കിന് പത്ര റിപ്പോർട്ടുകൾ അപഗ്രഥിച്ച് പഠനം നടത്തിയത്. വസ്തുതാപരമായി കാര്യങ്ങൾ അവതരിപ്പിക്കുകയോ, പൊതു നയങ്ങളെ ക്രിയാത്മകമായി വിമർശിക്കുകയോ ചെയ്യുന്നതിനു പകരം പൊതുജനങ്ങളെ ബോധവത്കരിക്കുന്ന ജോലി സ്വയം ഏറ്റെടുക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്ന് റിപ്പോർട്ട് പറയുന്നു.

2015 ഫെബ്രുവരി മുതൽ 2016 മാർച്ച് വരെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പഠനത്തിനു പരിഗണിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ അന്ധമായി ചാൻസലർ ആംഗല മെർക്കലിന്‍റെ അഭയാർഥി നയത്തിനു പിന്നിൽ അണിനിരക്കുകയായിരുന്നുവെന്ന് പഠന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഭരണപക്ഷത്തെ രാഷ്ട്രീയ ഉന്നതരുടെ മുദ്രാവാക്യങ്ങൾ അതേപടി ഏറ്റുപാടുകയാണ് മാധ്യമങ്ങൾ ചെയ്തത്. സംസ്കാരത്തെ സ്വാഗതം ചെയ്യാമെന്നും മറ്റുമുള്ള പ്രയോഗങ്ങൾ ആളുകൾക്കിടയിൽ ധാർമിക സമ്മർദം ചെലുത്തുന്നതിനു തുല്യമായി പ്രവർത്തിച്ചു. സർക്കാരിന്‍റെ അഭയാർഥി നയത്തെ വിമർശിച്ചവരെ മാധ്യമങ്ങൾ വംശീയവാദികളായി ചിത്രീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ