ജലരാജാക്കന്മാരുടെ പോരാട്ടം യുകെ മലയാളികൾക്കിടയിൽ ആവേശമാകുന്നു
Saturday, July 22, 2017 8:32 AM IST
ലണ്ടൻ: യുകെയിലെ മലയാളികൾക്കിടയിൽ ആവേശം നിറച്ച് ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തിൽ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. കേരള ടൂറിസത്തിന്‍റെയും ഇന്ത്യൻ ടൂറിസത്തിന്‍റെയും സഹകരണത്തോടെ നടക്കുന്ന മത്സരത്തിൽ ഇരുപത്തിരണ്ടോളം ടീമുകളാണ് പങ്കെടുക്കുന്നത്.

ജൂലൈ 29ന് (ശനി) വാർവിക് ഷെയറിലുള്ള റഗ്ബി ഡ്രേക്കോട്ട് വാട്ടർ തടാകത്തിലാണ് മത്സരം. നറുക്കെടുപ്പിലൂടെയാണ് ഹീറ്റ്സ് മത്സരങ്ങളിൽ പോരാടുന്ന ടീമുകളെ തെരഞ്ഞെടുത്തത്. 22 ടീമുകൾ ആറ് ഹീറ്റ്സുകളിലായിട്ടാണ് ആദ്യ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. ആദ്യറൗണ്ട് ഹീറ്റ്സ് മത്സരങ്ങൾ നോക്കൗട്ട് രീതിയിലാണെന്നുള്ളത് പോരാട്ടത്തിന്‍റെ വീറും വാശിയും വർധിപ്പിക്കും. ആറ് ഹീറ്റ്സ് മത്സരങ്ങളിലും അവസാന സ്ഥാനങ്ങളിൽ എത്തുന്നവർ മത്സരത്തിൽ നിന്നും പുറത്താവും. മറ്റ് 16 ടീമുകൾ സെമി ഫൈനലിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുന്നത് നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാവും.

വള്ളംകളിയുടെ മൂന്നാം ഹീറ്റ്സ് മത്സരങ്ങളും ഏറെ വാശിയേറിയതാവും. കുമരകം, മന്പുഴക്കരി, ആയാപറന്പ്, പുളിങ്കുന്ന് എന്നീ ടീമുകളാണ് മൂന്നാം ഹീറ്റ്സിൽ ഏറ്റുമുട്ടുന്നത്.

കുമരകം വള്ളം തുഴയാനെത്തുന്നത് ഇടുക്കി ജില്ലാ സംഗമത്തിന്‍റെ അമരക്കാരൻ പീറ്റർ താണോലിൽ നേതൃത്വം നൽകുന്ന കരുത്തരായ ഇടുക്കി ബോട്ട് ക്ലബ് ആണ്. മന്പുഴക്കരി വള്ളം തുഴയാനെത്തുന്നത് ജോസ് കാറ്റാടി നേതൃത്വം നൽകുന്ന എസക്സിലെ ബാസിൽഡണ്‍ ബോട്ട് ക്ലബ് ആണ്. ചന്പക്കുളം മൂലം വള്ളംകളിയിൽ ജേതാക്കളായ പ്രശസ്തമായ ആയാപറന്പ് എന്ന പേരിലുള്ള വള്ളത്തിൽ തുഴയെറിയാനെത്തുന്നത് സജി ജോണ്‍ നേതൃത്വം നൽകുന്ന ഹേവാർഡ്സ് ബോട്ട്ക്ലബ്, ഹേവാർഡ്സ് ഹീത്ത് ആണ്. പുളിങ്കുന്ന് വള്ളം തുഴയാനെത്തുന്നത് മാത്യു ചാക്കോ നേതൃത്വം നൽകുന്ന സ്കോട്ലന്‍റിൽ നിന്നുള്ള മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്കോ ആണ്.

ഹീറ്റ്സ് നാലിൽ കനത്ത മത്സരത്തിനാണ് കളമൊരുങ്ങുന്നത്. രാമങ്കരി, കാരിച്ചാൽ, കൈപ്പുഴ, മങ്കൊന്പ് എന്നീ വള്ളങ്ങളാണ് നാലാം ഹീറ്റ്സിൽ മാറ്റുരയ്ക്കാനെത്തുന്നത്. മിഡ് ലാന്‍റസിലെ സികെസിയുടെ ചുണക്കുട്ടികളാണ് രാമങ്കരി വള്ളം തുഴയാനെത്തുന്നത്. കവൻട്രി ബോട്ട് ക്ലബിന്‍റെ നേതൃത്വത്തിൽ നീറ്റിലിറങ്ങുന്ന ടീമിന്‍റെ ക്യാപ്റ്റൻ സികെസി പ്രസിഡന്‍റ് കൂടിയായ ജോമോൻ ജേക്കബ് ആണ്. ചരിത്രപ്രസിദ്ധമായ കാരിച്ചാൽ വള്ളം തുഴയാനെത്തുന്നത് യുകെയിൽ ചരിത്രം കുറിച്ചിട്ടുള്ള തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റർ ആണ്. വടംവലി മത്സരത്തിൽ പേരെടുത്തിട്ടുള്ള ടീമാണ് തെമ്മാടീസ്. നോബി. കെ. ജോസിന്‍റെ നേതൃത്വത്തിൽ ഇറങ്ങുന്ന തെമ്മാടീസ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കൈപ്പുഴ വള്ളം തുഴയാനെത്തുന്നത് കെന്‍റിലെ ഡാർട്ട്ഫോർഡ് ബോട്ട് ക്ലബ് ആണ്. മലയാളി അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായ ജിബി ജോസഫ് ക്യാപ്റ്റനായിട്ടുള്ള ടീം, കുട്ടനാട് സ്വദേശികൾ ഉൾപ്പെടെ പരിചയസന്പന്നരെ ഉൾപ്പെടുത്തിയാണ് പോരാട്ടത്തിനെത്തുന്നത്.
റോവിംഗ് കന്പക്കാരായ ഡോക്ടർമാരും യൂണിവേഴ്സിറ്റി വിദ്യാർഥികളും ചേരുന്ന പ്രിയദർശിനി ബോട്ട് ക്ലബ് ആണ് മങ്കൊന്പ് വള്ളം തുഴയാനെത്തുന്നത്. ഡോ. വിമൽ കൃഷ്ണനാണ് ക്യാപ്റ്റൻ.

എല്ലാ ഹീറ്റ്സ് മത്സരങ്ങളിലും വീറും വാശിയും നിറഞ്ഞ കനത്ത പോരാട്ടമാകും നടക്കുവാൻ പോകുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു. ബോട്ട് ക്ലബുകൾ എല്ലാം തന്നെ പ്രാദേശിക തടാകങ്ങളിലും മറ്റുമായി പരിശീലനം പൂർത്തിയാക്കി വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ്.

വിവരങ്ങൾക്ക്; മാമ്മൻ ഫിലിപ്പ് (ചെയർമാൻ): 07885467034, റോജിമോൻ വർഗീസ് (ചീഫ് ഓർഗനൈസർ): 07883068181.