തട്ടിപ്പിനായി ഒറ്റക്കെട്ട്: പുകമറയ്ക്കുള്ളിൽ ജർമൻ കാർ കന്പനികൾ
Monday, July 24, 2017 7:45 AM IST
ബർലിൻ: ജർമനിയിലെ വന്പൻ കാർ നിർമാതാക്കൾ ഒരുമിച്ചു നിന്നാണ് ഡീസൽ വാഹനങ്ങളുടെ മലിനീകരണം കുറച്ചു കാണിക്കുന്ന തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് വെളിപ്പെടുത്തൽ. ഫോക്സ് വാഗൻ, ഓഡി, പോർഷെ, ബിഎംഡബ്ല്യു, ഡെയിംലർ എന്നീ കന്പനികൾ ഇക്കാര്യത്തിൽ സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

2015ൽ ആദ്യം കള്ളി വെളിച്ചത്തായത് ഫോക്സ് വാഗനിൽനിന്നാണ്. യുഎസ് ഏജൻസിയായിരുന്നു കണ്ടെത്തലിനു പിന്നിൽ. പിന്നാലെ മെഴ്സിഡസ് ബെൻസ് നിർമാതാക്കളായ ഡെയിംലറും പിടിക്കപ്പെട്ടു.

രഹസ്യമായി വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചാണ് കന്പനികൾ ഈ തട്ടിപ്പ് 1990കൾ മുതൽ ആസൂത്രണം ചെയ്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതിനു വ്യക്തമായ തെളിവുകൾ ലഭിച്ചാൽ അതിനും നിയമ നടപടി പ്രതീക്ഷിക്കാം. എന്നാൽ, ഓഡിയുടെയും പോർഷെയുടെയും മാതൃ കന്പനിയായ ഫോക്സ് വാഗൻ ഇതെക്കുറിച്ചു പ്രതികരിക്കാൻ വിസമ്മതിച്ചു. ബിഎംഡബ്ല്യുവും ഡെയിംലറും പ്രതികരിക്കാൻ തയാറായിട്ടില്ല.

പ്രമുഖ കന്പനികളിൽനിന്നുള്ള 200 ജീവനക്കാരെ ഉൾപ്പെടുത്തി അറുപതു വർക്കിംഗ് ഗ്രൂപ്പുകളാണ് രൂപീകരിച്ചിരുന്നത്. 2006 മുതൽ ഇവർ നിരന്തരം യോഗം ചേർന്നിരുന്നു എന്നും വ്യക്തമാകുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ