ദാലിയുടെ മൃതദേഹം പുറത്തെടുത്തു; 28 വർഷത്തിനിപ്പുറവും കേടുപറ്റാതെ മീശ
Monday, July 24, 2017 7:47 AM IST
മാഡ്രിഡ്: വിഖ്യാത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ദാലിയുടെ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു. 28 വർഷം മുൻപ് അന്തരിച്ച അദ്ദേഹത്തിന്‍റെ ലോക പ്രശസ്തമായ മീശയ്ക്ക് ഇപ്പോഴും ഉടവൊന്നും തട്ടിയിട്ടില്ലെന്ന് ദാലി ഫൗണ്‍ടേഷൻ അധികൃതർ.

പിതൃ തർക്ക കേസിലാണ് ദാലിയുടെ മൃതദേഹം കാറ്റലോണിയയിലെ മ്യൂസിയത്തിലുള്ള കല്ലറയിൽ നിന്നു പുറത്തെടുത്തത്. ഡിഎൻഎ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ദാലിയുടെ മകൾ എന്നവകാശപ്പെട്ട് മരിയ പിലാർ ആബേൽ എന്ന അറുപത്തൊന്നുകാരി മാഡ്രിഡ് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഇതിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഡിഎൻഎ പരിശോധന. 1989ൽ എണ്‍പത്തിനാലാം വയസിലാണ് ദാലി അന്തരിച്ചത്. സംസ്കരിക്കും മുൻപു മൃതദേഹം എംബാം ചെയ്തിരുന്നു.

ഡിഎൻഎ സാംപിൾ ശേഖരിച്ച ശേഷം മൃതദേഹം അതേ കല്ലറയിൽ അടക്കം ചെയ്തു. ഡിഎൻഎ പരിശോധിച്ച ശേഷം സെപ്റ്റംബർ പതിനെട്ടിന് കേസിൽ വിധി പറയും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ