തീവ്രവാദത്തിനു സഹായം: ജർമൻ കന്പനികൾക്കെതിരായ ആരോപണം തുർക്കി പിൻവലിച്ചു
Tuesday, July 25, 2017 7:45 AM IST
ബർലിൻ: തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം ചെയ്തെന്നാരോപിച്ചു ജർമൻ കന്പനികൾക്കു മേൽ ചുമത്തിയിരുന്ന കുറ്റം തുർക്കി പിൻവലിച്ചതായി ജർമനി അറിയിച്ചു.

ഡെയിംലറും ബിഎഎസ്എഫും അടക്കമുള്ള വന്പൻ കന്പനികൾ ഉൾപ്പെടെ ഏഴുനൂറോളം സ്ഥാപനങ്ങൾക്കാണ് തുർക്കി കുറ്റം ചുമത്തിയിരുന്നത്. ഇതെല്ലാം പിൻവലിച്ചതായി തുർക്കി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചതായി ജർമൻ ആഭ്യന്തര മന്ത്രാലയ വക്താവാണ് വ്യക്തമാക്കിയിരിക്കുന്നത്.

ആശയവിനിമയത്തിലുണ്ടായ ചില പ്രശ്നങ്ങളാണ് ഇത്തരത്തിൽ കേസെടുക്കാൻ കാരണമായതെന്നു തുർക്കി വിശദീകരിച്ചതായും ജർമൻ വക്താവ് തോബിയാസ് പ്ലേറ്റ് പറഞ്ഞു. തീവ്രവാദ ബന്ധം സംശയിക്കുന്ന 68 കന്പനികളുടെയും വ്യക്തികളുടെയും പട്ടിക തുർക്കി ജർമനിക്കു കൈമാറിയിരുന്നു. തുർക്കിയിൽ നിക്ഷേപം നടത്തുന്നതിൽനിന്നു ജർമൻ കന്പനികളെ തടയാനുള്ള തന്ത്രമാണിതെന്നും ആരോപണം ഉയർന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ