പോളണ്ടിലെ കോടതി പരിഷ്കാരങ്ങൾ പ്രസിഡന്‍റ് തടഞ്ഞു
Tuesday, July 25, 2017 7:48 AM IST
വാഴ്സോ: പോളണ്ടിൽ വിവാദമായ കോടതി പരിഷ്കാരങ്ങൾക്ക് പ്രസിഡന്‍റ് ആന്ദ്രെ ദൂദയുടെ വീറ്റോ. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരം നിയമ മന്ത്രിക്കും എംപിമാർക്കും നൽകുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. യൂറോപ്യൻ യൂണിയനും പോളിഷ് നീക്കത്തെ വിമർശിച്ചിരുന്നതാണ്.

ഈ പരിഷ്കാരങ്ങൾ വഴി ജുഡീഷ്യറിയിലെ അഴിമതി ഇല്ലാതാക്കാമെന്നും നീതിന്യായ വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താമെന്നുമായിരുന്നു സർക്കാരിന്‍റെ വാദം. ഇതു പ്രസിഡന്‍റ് അംഗീകരിച്ചില്ല. പാർലമെന്‍റ് പാസാക്കിയ ബില്ലിൽ ഒപ്പു വയ്ക്കാൻ വിസമ്മതിച്ച അദ്ദേഹം, ഈ നിയമം നീതിന്യായ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നു താൻ കരുതുന്നില്ലെന്നും വ്യക്തമാക്കി.

ഭേദഗതിയോടെ ബിൽ വീണ്ടും സമർപ്പിക്കാനാണ് പ്രസിഡന്‍റിന്‍റെ നിർദേശം. പ്രസിഡന്‍റും പാർലമെന്‍റും തമ്മിലുള്ള സംഘർഷത്തിന് ഇതു കാരണമാകുമെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ