ഇന്ത്യക്കാർ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് സുഷമ സ്വരാജ്: വാൾ സ്ട്രീറ്റ് ജേർണൽ
Tuesday, July 25, 2017 7:50 AM IST
ഫ്രാങ്ക്ഫർട്ട്: ഇന്ത്യക്കാർ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണെന്ന് അമേരിക്കൻ മാഗസിനായ വാൾ സ്ട്രീറ്റ് ജേർണൽ. മാഗസിന്‍റെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് സുഷമാ സ്വരാജ് ആണെന്ന് വ്യക്തമാക്കുന്നത്.

ടുങ്കു വരദരാജനാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഹൂവർ സെന്‍ററിലിലെ അധ്യാപകനാണ് ടുങ്കു. ഇദ്ദേഹത്തിന്‍റെ ആഗോള രാഷ്ട്രീയ അവലോകന ലേഖനങ്ങൾ ലോകമെങ്ങും ഏറെ ശ്രദ്ധിക്കപ്പെടുന്നു.

ഇന്ത്യൻ വിദേശകാര്യമന്ത്രിയെന്ന നിലയിൽ, പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ അക്ഷീണപ്രയത്നം നടത്തുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ആരാധകരേറെയുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയതന്ത്ര ഇടപെടലുകൾക്കിടിലും ബാലൻസ് നഷ്ടപ്പെടാതെ സർക്കാർ നയങ്ങളിൽ മുറുകെപ്പിടിച്ച് തന്‍റെ ജോലി കൃത്യമായും അഭിനന്ദനാർഹമായും ചെയ്യാൻ സുഷമാ സ്വരാജിന് കഴിയുന്നു.

ട്വിറ്ററിൽ 85 ലക്ഷത്തിലധികം പേർ പിന്തുടരുന്ന സുഷമ സ്വരാജ്, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സുള്ള പത്ത് രാഷ്ട്രീയനേതാക്കളിൽ ഒരാളാണ്. സുഷമയുടെ ട്വിറ്റർ പോസ്റ്റുകളിൽ ഭൂരിപക്ഷവും സഹായം തേടിക്കൊണ്ടുള്ള അഭ്യർത്ഥനയ്ക്കുള്ള മറുപടികളാണെന്നും ഈ ലേഖനത്തിൽ പറയുന്നു. ഈ വാർത്ത വൻ പ്രാധാന്യത്തോടെ യൂറോപ്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

റിപ്പോർട്ട്: ജോർജ് ജോണ്‍