തട്ടിപ്പ് പുറത്തുവിട്ട ഡെയിംലറിന് പിഴയിളവ് ലഭിച്ചേക്കും
Wednesday, July 26, 2017 7:54 AM IST
ബർലിൻ: ഡീസൽ കാറുകളുടെ മലിനീകരണം കുറച്ചു കാണിക്കാൻ വന്പൻ കാർ നിർമാതാക്കൾ കൂട്ടായി പ്രവർത്തിച്ചതു സംബന്ധിച്ച വിവരങ്ങൾ നൽകിയ ഡെയിംലറിന് പിഴയിനത്തിൽ ബില്യൻ കണക്കിന് യൂറോ ഇളവ് ലഭിച്ചേക്കും.

ഡെയിംലർ അടക്കമുള്ളവരാണ് തട്ടിപ്പിന് ഒരുമിച്ചു നിന്നത്. ഡെയിംലർ വിവരം നൽകിയ ശേഷം മാത്രമാണ് ഫോക്സ് വാഗൻ പല വിവരങ്ങളും കൈമാറാൻ തയാറായതെന്നും പുതിയ സൂചനകളിൽ വ്യക്തമാകുന്നു.

1990കൾ മുതൽ ഡെയിംലർ, ബിഎംഡബ്ല്യു, ഫോക്സ് വാഗനും അനുബന്ധ സ്ഥാപനങ്ങളായ ഓഡിയും പോർഷെയും എല്ലാം ചേർന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കുകയാണെന്നാണ് വിവരം.

ഇവരുടെ തട്ടിപ്പ് സംബന്ധിച്ച് ലഭിച്ച വിവരങ്ങൾ ബ്രസൽസിൽ പരിശോധിച്ചു വരുകയാണ്. ട്രക്ക് നിർമാതാക്കളുമായി വില ഉയർത്തി വിൽക്കുന്നതിനു ഗൂഢാലോചന നടത്തിയതിന് ഡെയിംലർ 1.1 ബില്യൻ യൂറോ കഴിഞ്ഞ വർഷം പിഴയടച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ