ദൈവിക പദ്ധതിപ്രകാരമുള്ളവ നിത്യം നിലനിൽക്കുന്നു: മാർ ജോസഫ് സ്രാന്പിക്കൽ
Wednesday, July 26, 2017 7:55 AM IST
ഫാത്തിമാ: ദൈവിക പദ്ധതി പ്രകാരമുള്ളവ നിത്യം നിലനിൽക്കുന്നു എന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പറഞ്ഞു. ഫാത്തിമായിലെ പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രത്യക്ഷീകരണത്തിന്‍റെ നൂറാം വാർഷികത്തിൽ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാ നടത്തുന്ന മരിയൻ തീർത്ഥാടനത്തിന്‍റെ ആദ്യ ദിവസം തീർത്ഥാടകർക്കൊപ്പം ഫാത്തിമായിലുളള പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തിലുള്ള ബസിലിക്കായിൽ വിശുദ്ധ കുർബാന അർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം

ദൈവത്തെ കൂടാതെ മനുഷ്യൻ വിഭാവനം ചെയ്യുന്നതും പടുത്തുയർത്തുന്നതും ആത്യന്തികമായി നിലനിൽക്കുകയില്ലെന്ന സത്യം പുരാതന കാലത്ത് ബാബേൽ ഗോപുരവും ആധുനിക കാലത്ത് ജർമ്മനിയിലെ ബർലിൻ മതിലും നമ്മെ പഠിപ്പിക്കുന്നു.

ഈ നൂറ്റാണ്ടിൽ സഭയേയും ലോകത്തേയും ആഴമായി സ്വാധീനിച്ച വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മൂന്നു തവണയാണ് തീർത്ഥാടകനായി ഫാത്തിമായിലെത്തിയത്. ബാല്യത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം പരി. കന്യകാമറിയത്തെ സ്വന്തം അമ്മയായി സ്വീകരിക്കുകയും സന്പൂർണമായി സമർപ്പിക്കുകയും മറിയത്തിന്‍റെ വിദ്യാലയത്തിൽ നിന്ന് പഠിക്കുകയും ചെയ്തു. 1981 ൽ റോമിൽ വച്ചുണ്ടായ വധശ്രമമടക്കം അനേകം ദുരിതങ്ങളെ നേരിടുവാൻ അദ്ദേഹത്തിന് കരുത്തു ലഭിച്ചത് ഈ മരിയ സമർപ്പണത്തിൽ നിന്നാണ്. 1916 ൽ ആരംഭിച്ച പ്രാർത്ഥനകൾക്കും പരിഹാരങ്ങൾക്കും ശേഷമാണ് ഇടയ കുട്ടികളായിരുന്ന ലൂസിക്കും ഫ്രാൻസീസിനും ജസീന്തായ്ക്കും 1917 ൽ മറിയത്തെ കാണാനും സന്ദേശം സ്വീകരിക്കുവാനും സാധിച്ചത്. ലോകത്തിലെ ശബ്ഘോഷങ്ങൾക്കുപരി നിത്യജീവിതത്തിന്‍റെ പ്രതീകമായ നിശബ്ദതയിൽ ദൈവത്തിന്‍റെ സ്വരം ശ്രവിക്കുവാൻ വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും പരിശ്രമിക്കണമെന്നും മാർ സ്രാന്പിക്കൽ കൂട്ടിച്ചേർത്തു.

ഫാ. സെബാസ്റ്റ്യൻ കൂട്ടിയാനിക്കൽ എസ്വിഡി, ഫാ. ഡോമനിക്ക് കുപ്പയിൽ പുത്തൻപുരയിൽ, ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്റ്റി, ഫാ. സജി തോട്ടത്തിൽ, ഫാ. ജോയി വയലിൽ സിഎസ്റ്റി, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു. 24 ന് ആരംഭിച്ച തീർത്ഥാടനം 27 ന് സമാപിക്കും.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ്