വിവേചനമുണ്ടെങ്കിലും ജീവിതം മെച്ചപ്പെട്ടെന്ന് സ്വിറ്റ്സർലൻഡിലെ കുടിയേറ്റക്കാർ
Wednesday, July 26, 2017 8:04 AM IST
ജനീവ: സ്വിറ്റ്സർലൻഡിൽ കുടിയേറി താമസിക്കുന്ന വിദേശികൾക്ക് പൊതുവിൽ ജീവിത സംതൃപ്തിയാണുള്ളതെന്ന് സർവേ റിപ്പോർട്ട്. പല കാര്യങ്ങളിലും വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ പോലും ഇവിടെയെത്തിയ ശേഷം ജീവിത നിലവാരം മെച്ചപ്പെട്ടതായാണ് സർവേയിൽ പങ്കെടുത്ത കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും അറിയിച്ചിരിക്കുന്നത്.

ദേശീയ തലത്തിൽ സംഘടിപ്പിച്ച സർവേയുടെ പൂർണ റിപ്പോർട്ട് അടുത്ത വർഷത്തോടെയേ തയാറാകൂ. അതിനു മുൻപ് പുറത്തു വന്ന പ്രാഥമിക വിവരങ്ങളിലാണ് ഈ വെളിപ്പെടുത്തൽ.

പതിനൊന്നു രാജ്യങ്ങളിൽനിന്നുള്ള ആറായിരം കുടിയേറ്റക്കാരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. 35 ശതമാനം പേരാണ് വിവേചനം നേരിടുന്നതായി തുറന്നു പറഞ്ഞത്. എന്നാൽ, വിവേചനം എല്ലായ്പ്പോഴും വിദേശ പൗരത്വം കാരണമായിരുന്നില്ല. ലിംഗ, വംശം, പ്രായം എന്നിവയൊക്കെ ഇതിൽ ഘടകങ്ങളാകാറുള്ളതായും വെളിപ്പെടുത്തൽ.

ജനിച്ച രാജ്യത്തെക്കാൾ മികച്ച ജീവിതമാണിവിടെ എന്ന കാര്യത്തിൽ, സർവേയിൽ പങ്കെടുത്തവരിൽ 90 ശതമാനം പേർക്കും സംശയമൊന്നുമില്ല. ഏറ്റവും കൂടുതൽ തൃപ്തി രേഖപ്പെടുത്തുന്നത് പോർച്ചുഗൽ, ഇറ്റലി, സ്പെയ്ൻ എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണ്. തൃപ്തി ഏറ്റവും കുറവുള്ളത് ബ്രിട്ടനിൽനിന്നും സൗത്ത് അമേരിക്കയിൽനിന്നും വന്നവർക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ