യശ്വന്തപുര-എറണാകുളം പ്രതിവാര എക്സ്പ്രസ് ഓഗസ്റ്റ് വരെ നീട്ടി
Thursday, July 27, 2017 1:02 AM IST
ബംഗളൂരു: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ച് നാട്ടിൽ പോകാനിരിക്കുന്ന മലയാളികൾക്ക് സന്തോഷ വാർത്ത. യശ്വന്തപുര- എറണാകുളം പ്രതിവാര പ്രത്യേക തൽകാൽ ട്രെയിൻ ഓഗസ്റ്റ് വരെ നീട്ടി. നേരത്തെ ജൂലൈ അവസാനം വരെയാണ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് 29 വരെ സർവീസ് നീട്ടാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ചകളിൽ ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും ബുധനാഴ്ചകളിൽ തിരികെ ബംഗളൂരുവിലേക്കുമാണ് സർവീസ്.

രണ്ട് സെക്കൻഡ് എസി കോച്ചുകൾ, രണ്ട് തേർഡ് എസി കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ട്രെയിനിനുള്ളത്. ചൊവ്വാഴ്ച രാത്രി 10.45ന് യശ്വന്തപുരത്തു നിന്ന് പുറപ്പെടുന്ന 06547 നന്പർ ട്രെയിൻ പിറ്റേന്ന് രാവിലെ 10.45ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന 06547 നന്പർ ട്രെയിൻ പിറ്റേന്ന് രാവിലെ 4.30ന് യശ്വന്തപുരത്തെത്തും. കെആർ പുരം, ബംഗാരപ്പേട്ട്, തിരുപ്പത്തുർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയന്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

യശ്വന്തപുര- കണ്ണൂർ എക്സ്പ്രസിന് അധിക കോച്ച്

ബംഗളൂരു: യശ്വന്തപുര-കണ്ണൂർ പ്രതിദിന എക്സ്പ്രസിൽ ഒരു അധിക കോച്ച് കൂടി അനുവദിച്ചു. 25 മുതൽ പുതിയ സെക്കൻഡ് ക്ലാസ് കോച്ച് ഉണ്ടാകും. ഇതോടെ മൊത്തം കോച്ചുകളുടെ എണ്ണം 20 ആകും. നിലവിൽ രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളാണുള്ളത്.