കാത്തിരിപ്പുകൾക്കു വിരാമമായി; ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി
Thursday, July 27, 2017 2:35 AM IST
എഡിൻബറോ: ജൂണ്‍ ഇരുപതിനു എഡിൻബറോയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിഎംഐ സഭാംഗം ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി. വ്യാഴാഴ്ച വൈകുന്നേരം മരണവിവരം ഫാ. ടെബിൻ പുത്തൻപുരക്കൽ സിഎംഐ പ്രാദേശിക കൗണ്‍സിലിൽ രജിസ്റ്റർ ചെയ്യും.

തുടർന്ന് മരണ സർട്ടിഫിക്കറ്റ് വാങ്ങി ഇന്ത്യൻ കോണ്‍സുലേറ്റിന് കൈമാറും. പിന്നാലെ ഇന്ത്യൻ കോണ്‍സുലേറ്റ് മൃതദേഹം വ്യോമമാർഗം കൊണ്ടുപോകാനുള്ള എൻഒസി നൽകും. വിമാനത്തിന്‍റെ കാർഗോ ലഭ്യത അനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും മറ്റു നിയമപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിനുവേണ്ടി സിഎംഐ സഭ ചുമതല പെടുത്തിയിട്ടുള്ള ലണ്ടനിലെ സിഎംഐ ആശ്രമത്തിലെ ഫാ. ടെബിൻ പുത്തൻപുരക്കൽ സിഎംഐയും മൃതദേഹത്തെ അനുഗമിക്കും. സംസ്കാരം അടുത്ത ആഴ്ച ആദ്യത്തോടെ തന്നെ ചെത്തിപ്പുഴ തിരുഹൃദയ കൊവേന്തയിലെ സെമിത്തേരിയിൽ നടക്കും. ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നത പഠനത്തിനായി എത്തിയ ഫാ മാർട്ടിൻ കഴിഞ്ഞ മാസം എഡിൻബറോയിൽ നിന്നും ഏതാണ്ട് മുപ്പതുമൈൽ ദൂരത്തിലുള്ള ഡാൻ ബാൻ ബീച്ചിലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ കണ്ണാടി സ്വദേശിയാണ് മരിച്ച ഫാ. മാർട്ടിൻ.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ