ജർമനിയിൽ കുട്ടികളില്ലാത്ത സ്ത്രീകളുടെ എണ്ണം കുറയുന്നു
Thursday, July 27, 2017 8:16 AM IST
ബർലിൻ: ജർമനിയിൽ കുട്ടികളില്ലാത്ത സ്ത്രീകളുടെ എണ്ണം കൂടി വരുന്ന പ്രവണത അവസാനിച്ചതായി ഏറ്റവും പുതിയ കണക്കുകളിൽ വ്യക്തമാകുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നവരും ഉയർന്ന ജോലികൾ ഉള്ളവരും കുട്ടികൾ വേണ്ടെന്നുവയ്ക്കുന്ന പ്രവണത വർധിച്ചു വരുന്നതായി മുൻ വർഷങ്ങൾ വ്യക്തമായിട്ടുള്ളതാണ്. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളും കുട്ടികളാകാമെന്ന നിലപാടിലേക്കു മാറുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1937ൽ രാജ്യത്തെ 11 ശതമാനം സ്ത്രീകൾക്കാണ് കുട്ടികളില്ലാതിരുന്നതെങ്കിൽ, 1967ൽ ഇവർ 21 ശതമാനത്തിലെത്തിയിരുന്നു. അറുപതുകളിലും എഴുപതുകളിലും ഈ നിരക്ക് വലിയ മാറ്റമില്ലാതെ തുടർന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ചവർ ഈ പ്രവണത തുടരുമോ എന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ. അതിനു മുൻപു വരെയുള്ളവരുടെ കണക്കാണ് ഇപ്പോൾ തയാറാക്കിയിരിക്കുന്നത്.

40-44 പ്രായ വിഭാഗത്തിലുള്ള, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ സ്ത്രീകളിൽ 25 ശതമാനം പേർക്കാണ് ഇപ്പോൾ കുട്ടികളില്ലാത്തത്. 2012ൽ ഇവർ 28 ശതമാനമായിരുന്നു. 2016ലെ കണക്ക് പ്രകാരം, ഒരു വയസുള്ള കുട്ടികളുടെ അമ്മമാരിൽ 44 ശതമാനം പേരും മറ്റേണിറ്റി ലീവെടുക്കാതെ സജീവമായി ജോലി ചെയ്തിരുന്നു. 2008ൽ ഇവർ 36 ശതമാനം മാത്രമായിരുന്നു. എട്ടു വർഷം മുൻപത്തെ അവസ്ഥയെ അപേക്ഷിച്ച്, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ സ്ത്രീകൾ കുട്ടി ജനിച്ച ശേഷം കൂടുതൽ വേഗത്തിൽ കരിയറിലേക്ക് മടങ്ങുന്നതായും കാണുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ