മൈസൂരുവിൽ ബഹുനില പാർക്കിംഗ് സമുച്ചയം യാഥാർഥ്യമാകുന്നു
Tuesday, August 1, 2017 6:04 AM IST
മൈസൂരു: നഗരത്തിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ മൈസൂരു കോർപറേഷൻ പദ്ധതിയിട്ട ബഹുനില പാർക്കിംഗ് സമുച്ചയം യാഥാർഥ്യമാകുന്നു. 6000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സമുച്ചയത്തിന്‍റെ 4980 ചതുരശ്ര മീറ്റർ സ്ഥലത്തെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ദസറ ആഘോഷങ്ങൾക്കു മുന്പായി സമുച്ചയം ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ബഹുനില പാർക്കിംഗ് സമുച്ചയം യാഥാർഥ്യമായാൽ 700 കാറുകൾക്കും 500 ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ടൗണ്‍ഹാളിന്‍റെ പ്രധാന പ്രവേശന കവാടത്തിലൂടെ പാർക്കിംഗ് സമുച്ചയത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഗാന്ധി ചത്വരത്തിന്‍റെ ഭാഗത്തേക്കുള്ള വഴിയിലൂടെയാണ് പുറത്തിറങ്ങേണ്ടത്.

2011ൽ ആരംഭിച്ച പദ്ധതിക്കായി 18.28 കോടി രൂപയാണ് വകയിരുത്തിയത്. സെക്കന്തരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനി കരാർ ഏറ്റെടുത്ത് നിർമാണജോലികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതി ഇഴഞ്ഞുനീങ്ങിയതിനെ തുടർന്ന് വീണ്ടും ടെൻഡർ വിളിച്ച് മറ്റൊരു കന്പനിക്ക് നിർമാണചുമതല കൈമാറുകയായിരുന്നു.