സ്വാതന്ത്ര്യദിനാവധി: ബസുകൾ കൂട്ടി കർണാടക ആർടിസി; മലയാളികൾക്ക് ആശ്വാസം
Tuesday, August 1, 2017 6:05 AM IST
ബംഗളൂരു: സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ച് നാട്ടിലെത്താൻ തിരക്കേറിയതോടെ കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ബസുകളുമായി കർണാടക ആർടിസി. നേരത്തെ പ്രഖ്യാപിച്ച ഒന്പത് ബസുകൾക്ക് പുറമേ അഞ്ചു ബസുകളാണ് കർണാടക ആർടിസി സ്വാതന്ത്ര്യദിനാവധിക്ക് സർവീസ് നടത്തുന്നത്. യാത്രാത്തിരക്ക് കൂടുതലുള്ള ഓഗസ്റ്റ് 11നാണ് പ്രത്യേക സർവീസുകൾ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരള ആർടിസിയും സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നതിനാൽ കർണാടക ആർടിസിയുടെ പ്രഖ്യാപനം മലയാളികൾക്ക് ആശ്വാസമാകും. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ പുറത്തിറക്കുമെന്നും കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്. കേരള ആർടിസിയും സ്പെഷൽ ബസുകളുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ട്. സ്വാതന്ത്ര്യദിനം ചൊവ്വാഴ്ചയായതിനാൽ തിങ്കളാഴ്ച അവധിയെടുത്താൽ നാലു ദിവസം അവധി ലഭിക്കുമെന്നതിനാലാണ് വെള്ളിയാഴ്ച തിരക്ക് കൂടുതൽ അനുഭവപ്പെടുന്നത്.

ഓഗസ്റ്റ് 11ന് ബംഗളൂരുവിൽ നിന്ന് 13 ബസുകളും മൈസൂരുവിൽ നിന്ന് ഒരു ബസുമാണ് പ്രത്യേക സർവീസ് നടത്തുന്നത്. ഇവയിലെ റിസർവേഷൻ നേരത്തെ ആരംഭിച്ചിരുന്നു. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് നാലു വോൾവോ ബസുകളും കോട്ടയം, തൃശൂർ എന്നിവിടങ്ങളിലേക്ക് മൂന്നു വീതം വോൾവോ ബസുകളും പാലക്കാട്ടേക്ക് രണ്ടു വോൾവോ ബസുകളും കോഴിക്കോട്ടേക്ക് ഒരു രാജഹംസ ബസുമാണ് സർവീസ് നടത്തുന്നത്. കൂടാതെ മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് ഒരു വോൾവോയുമുണ്ടാകും.

കർണാടക ആർടിസി 3019 ബസുകൾ വാങ്ങുന്നു

ബംഗളൂരു: കർണാടക ആർടിസി പുതിയതായി 3019 ബസുകൾ കൂടി വാങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് അശോക് ലെയ്ലാൻഡ് കന്പനിയുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടു. 650 കോടി രൂപയ്ക്കാണ് കരാർ. ആദ്യമായാണ് കർണാടക ആർടിസി ഒറ്റത്തവണ ഇത്രയും ബസുകൾ ഒരുമിച്ചു വാങ്ങാൻ കരാറിൽ ഏർപ്പെടുന്നത്. ഈ സാന്പത്തികവർഷം തന്നെ ബസുകൾ വാങ്ങാനുള്ള നടപടികൾ പൂർത്തിയാകും.

കർണാടക ആർടിസി, നോർത്ത് വെസ്റ്റേണ്‍ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, ബിഎംടിസി, നോർത്ത് ഈസ്റ്റേണ്‍ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവയ്ക്കായാണ് ബസുകൾ വാങ്ങുന്നത്.