ഇന്ദിര കാന്‍റീനു വേണ്ടി മരംമുറിക്കുന്നത് വിവാദത്തിൽ
Friday, August 4, 2017 4:42 AM IST
ബംഗളൂരു: സിദ്ധരാമയ്യ സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ ഇന്ദിര കാന്‍റീൻ സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം ചെയ്യാനിരിക്കേ, വിവാദങ്ങളും തലപൊക്കുന്നു. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവാദങ്ങൾക്കു പിന്നാലെ കാന്‍റീനുവേണ്ടി മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടിയും പ്രതിഷേധങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും കാന്‍റീൻ നിർമാണം തുടങ്ങുന്നതിന് മരങ്ങൾ മുറിച്ചു മാറ്റേണ്ടതായി വരുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ മരങ്ങൾ മുറിക്കാവൂ എന്നാണ് നിർദേശം നല്കിയിരിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ അനധികൃതമായി മരങ്ങൾ മുറിച്ചുതള്ളുന്നതായാണ് പരാതികളുയരുന്നത്.

കിഴക്കൻ ബംഗളൂരുവിലെ ജോഗുപാളയയിൽ കാന്‍റീൻ നിർമാണത്തിനായി ഒരു മരം മുറിക്കാനുള്ള അനുവാദം മാത്രമുള്ളപ്പോൾ മൂന്നു മരം മുറിച്ചതായാണ് പരാതി. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെ സംഭവത്തിൽ നോർത്ത് ഡിവിഷൻ അസിസ്റ്റന്‍റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ. ശാന്തകുമാർ അന്വേഷണം പ്രഖ്യാപിച്ചു. സ്ഥലത്ത് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ജയനഗർ സെക്കൻഡ് ബ്ലോക്കിൽ അശോക പില്ലറിനു സമീപം കുട്ടികളുടെ പാർക്കിന്‍റെ സ്ഥലം എടുത്ത് കാന്‍റീൻ നിർമിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇതിനായി സമീപത്തെ തണൽമരത്തിന്‍റെ ചില്ലകൾ മുറിച്ചുമാറ്റിയെന്നും പ്രദേശവാസികൾ ആരോപിച്ചു.

ചാമരാജ് പേട്ടിൽ രാമേശ്വര ക്ഷേത്രത്തിനു സമീപത്തെ കാന്‍റീന്‍റെ നിർമാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞു. ക്ഷേത്രത്തിന്‍റെ നാലടി ഉയരത്തിലുള്ള മതിൽ പൊളിക്കാനെത്തിയ മണ്ണുമാന്തി യന്ത്രവും പിടിച്ചുവച്ചു.

അതേസമയം, കാന്‍റീൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ നേരിട്ട് കാന്‍റീൻ നിർമാണം വിലയിരുത്തുകയാണ്. കമ്മനഹള്ളി സർവാംഗനനഗറിലെ കാന്‍റീൻ സന്ദർശിച്ച മുഖ്യമന്ത്രിക്കൊപ്പം ബംഗളൂരു വികസനമന്ത്രി കെ.ജെ. ജോർജും മറ്റ് നേതാക്കളുമുണ്ടായിരുന്നു.

തമിഴ്നാട്ടിലെ അമ്മ കാന്‍റീൻ മാതൃകയിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ മികച്ച ഭക്ഷണം ലഭ്യമാക്കാനാണ് സിദ്ധരാമയ്യ സർക്കാർ ഇന്ദിര കാന്‍റീൻ പദ്ധതി ആവിഷ്കരിച്ചത്. നഗരത്തിലെ ബിബിഎംപി പരിധിയിൽ വരുന്ന 198 വാർഡുകളിലും കാന്‍റീൻ സ്ഥാപിച്ച് സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം നടത്താമെന്നാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 15ന് 125 കാന്‍റീനുകൾ മാത്രമേ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ബാക്കിയുള്ള 73 കാന്‍റീനുകൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പ്രവർത്തനം ആരംഭിക്കും.

ബിബിഎംപിക്കാണ് കാന്‍റീനുകളുടെ ചുമതല. ഇന്ദിര കാന്‍റീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാൻ സാധിക്കും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. ഭക്ഷണം ഒന്നിച്ചു പാകംചെയ്ത് കാന്‍റീനുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഭക്ഷണം തയാറാക്കുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു പാചകശാല സ്ഥാപിക്കുന്നുണ്ട്.