സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് ജനത്തിരക്ക്
ബംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കർണാടക ഹോർട്ടികൾച്ചർ വകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ലാൽബാഗ് പുഷ്പമേളയ്ക്ക് ജനത്തിരക്കേറുന്നു. വെള്ളിയാഴ്ച ആരംഭിച്ച മേളയിൽ ഉദ്ഘാടനദിവസം വൈകുന്നേരം മാത്രം 15,000 സന്ദർശകരാണ് എത്തിയത്. നാലുലക്ഷം പേർ മേളയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

നൂറ്റിയന്പതോളം ഇനങ്ങളിലുള്ള അത്യപൂർവ പുഷ്പങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം സസ്യങ്ങളും പ്രദർശനത്തിലുണ്ട്. 1.7 കോടി രൂപയാണ് പുഷ്പമേളയ്ക്കായി ചെലവഴിച്ചത്.

കന്നഡ രാഷ്ട്രകവി കുവെംപുവിന്‍റെ ജ·നാടായ ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിലുള്ള വസതിയുടെയും സമീപത്തെ കവിശാലയുടെയും മാതൃകകളാണ് ഇത്തവണത്തെ പുഷ്പമേളയുടെ പ്രധാന ആകർഷണം. 21 അടി ഉയരത്തിലുള്ള മാതൃകയ്ക്കായി മൂന്നര ലക്ഷം ഡച്ച് റോസാപ്പൂക്കളും ഓർക്കിഡുകളുമാണ് മറ്റു പുഷ്പങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. പൂക്കളുടെ പുതുമ നഷ്ടപ്പെടാതിരിക്കാൻ മൂന്നു ദിവസം കൂടുന്പോൾ ഇവ മാറ്റും. ഇതിന് മൊത്തം പത്തര ലക്ഷം പുഷ്പങ്ങൾ വേണ്ടിവരും. ഗ്ലാസ് ഹൗസിനുള്ളിൽ പൂക്കൾകൊണ്ടു തീർത്ത ജോഗ് വെള്ളച്ചാട്ടത്തിൻറെ മാതൃകയും കൗതുകക്കാഴ്ചയായി.

കുവേംപുവിന്‍റെ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിനായാണ് ഈവർഷത്തെ പുഷ്പമേള സമർപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചതിൻറെ അന്പതാമത് വാർഷികം കൂടിയാണ് ആഘോഷിക്കുന്നത്. കുവേംപുവിൻറെ മകൾ തരിണിയും മേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഓഗസ്റ്റ് 15 വരെ രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെയാണ് മേള. സാധാരണ ദിവസങ്ങളിൽ 50 രൂപയും അവധിദിവസങ്ങളിൽ 60 രൂപയുമാണ് പ്രവേശനഫീസ്. വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. അവധി ദിവസങ്ങളിൽ 20 രൂപയാണ് കുട്ടികൾക്ക് ഫീസ്. മെട്രോയിലെത്തുന്ന സന്ദർശകരുടെ സൗകര്യത്തിനായി ലാൽബാഗിൻറെ വെസ്റ്റ് ഗേറ്റിൽ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പുഷ്പമേളയ്ക്കെത്തുന്ന വാഹനങ്ങൾക്ക് ഹോപ്കോംസ്, ശാന്തിനഗർ ബസ് സ്റ്റാൻഡ്, ഡബിൾ റോഡ് അൽ അമീൻ കോളജ്, ജെ.സി. റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.