ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി സംഗമം സമാപിച്ചു
Wednesday, August 9, 2017 7:55 AM IST
കൊളോണ്‍: ഗ്ലോബൽ മലയാളി ഫെഡറേഷൻ അഞ്ചുദിവസത്തോളം നീണ്ടുന്ന് ആഘോഷമായ പ്രവാസി സംഗമത്തിന് വർണ്ണോജ്ജ്വലമായ സമാപനം. ജൂലൈ 26 മുതൽ 30 വരെ കൊളോണിടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിലാണ് പരിപാടികൾ അരങ്ങേറിയത്.

ജൂലൈ 26 ന് ബുധനാഴ്ച വൈകുന്നേരം ഏഴിനു നടന്ന സമ്മേളനത്തിൽ ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ സണ്ണി വേലൂക്കാരൻ (പ്രസിഡന്‍റ്, ജിഎംഎഫ് ജർമനി), അപ്പച്ചൻ ചന്ദ്രത്തിൽ(ട്രഷറർ, ജിഎംഎഫ് ജർമനി), പോൾ പ്ളാമൂട്ടിൽ, തോമസ് ചക്യാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള സംഗമത്തിന് കൊഴുപ്പുകൂട്ടി.

സമ്മേളനത്തിന്‍റെ രണ്ടാം ദിവസം വ്യാഴാഴ്ച രാവിലെ നടന്ന സെമിനാർ ന്ധപ്രവാസി മലയാളികളും കേന്ദ്ര സംസ്ഥാന സർക്കാരുകളുംന്ധഎന്ന വിഷയത്തിൽ ജിഎംഎഫ് ഇക്കണോമിക് ഫോറം പ്രസിഡന്‍റ് അഡ്വ.സേവ്യർ ജൂലപ്പൻ(സ്വിറ്റ്സർലണ്ട്) നയിച്ചു. വൈകുന്നേരം നടന്ന വനിതാഫോറം സമ്മേളനത്തിന് ജെമ്മ ഗോപുരത്തിങ്കൽ, എൽസി വേലൂക്കാരൻ, ലില്ലാ ചക്യാത്ത്, മറിയാമ്മ ചന്ദ്രത്തിൽ, ഡോ.ലൂസി ജൂലപ്പൻ എന്നിവർ നേതൃത്വം നൽകിയ വനിതകളുടെ കൂട്ടായ്മ പ്രവാസി സംഗമത്തിന് അർത്ഥപൂർണ്ണമായ മാറ്റുകൂട്ടി.

മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ നടന്ന സെമിനാറിന് ഡോ. ജോസഫ് തെരുവത്ത് നേതൃത്വം നൽകി.പ്രായമായവർ നേരിടുന്ന ആത്രൈറ്റിസ് (അർത്രോസ്) എന്ന രോഗത്തെകുറിച്ച് ബോധവൽക്കരണം നടത്തി. വൈകുന്നേരം നടന്ന സീനിയർ സിറ്റിസണ്‍ മീറ്റ് ഏറെ ശ്രദ്ധേയമായി. ജർമനിയിലെ മുതിർന്ന പൗര·ാരായ ജോസ് പുന്നാംപറന്പിൽ, പ്രഫ.ഡോ. രാജപ്പൻ നായർ, ഡോ.സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത്, ഡോ.ജോസഫ് തെരുവത്ത്, ജോർജ് എളങ്കുന്നപ്പുഴ, ജോസഫ് മാത്യു എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഗമത്തോടനുബന്ധിച്ച് രണ്ടുദിവസം കൊളോണിലെ ദർശന തീയേറ്റേഴ്സ് കഴിഞ്ഞ കാലങ്ങളിൽ ജർമനിയിൽ അവതരിപ്പിച്ച മുഴുനീള മലയാള നാടകങ്ങളുടെ വിഡിയോ പ്രദർശനം ശ്രദ്ധേയമായി. വൈകുന്നേരം നടന്ന കലാസന്ധ്യയിൽ ആനി പൊയ്കയിൽ, മോളി കോട്ടേക്കുടി എന്നിവർ നേതൃത്വം നൽകി.

സംഗമത്തിന്‍റെ നാലാം ദിവസമായ ജൂലൈ 29 ന് ശനിയാഴ്ച രാവിലെ നടന്ന സെമിനാറിൽ പി.രാജീവ് എക്സ് എംപി പ്രഭാഷണം നടത്തി. വിജ്ഞാനപ്രദമായ വിഷയങ്ങൾ നിരത്തിയുള്ള പ്രഭാഷണത്തെ തുടർന്നുള്ള ചർച്ചയിൽ പങ്കെടുത്തവർ കൂടുതൽ മൽസര ബുദ്ധിയോടെയാണ് സംസാരിച്ചത്. ചർച്ചയിൽ ഉയർന്ന ചോദ്യങ്ങൾക്ക് പി.രാജീവ് ഉചിതമായ മറുപടി നൽകി.

വൈകുന്നേരം ഏഴുമണിയ്ക്കു നടന്ന പൊതുസമ്മേളനം വിശിഷ്ടാതിഥിയായ പി.രാജീവ് എക്സ് എംപി, പോൾ തച്ചിൽ, അഡ്വ. ജൂലപ്പൻ സേവ്യർ (സ്വിറ്റ്സർലണ്ട്), ഡോ.കമലമ്മ പീറ്റേഴ്സ് (ഹോളണ്ട്), ഡോ.രാധാദേവി (യുഎസ്എ), സിയക് ചെറുകാട്(ഓസ്ട്രിയ), പോൾ ഗോപുരത്തിങ്കൽ (ജർമനി) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന ചടങ്ങിൽ ഈ വർഷത്തെ പ്രവാസി അവാർഡകൾ പി.രാജീവും പോൾ തച്ചിലും ഏറ്റുവാങ്ങി.

ജെമ്മ ഗോപുരത്തിങ്കലിന്‍റെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിര നൃത്തം, ജോസഫ് കിഴക്കേത്തോട്ടം നടത്തിയ കാവ്യചൊൽക്കാഴ്ച, റോസി വൈഡറിന്‍റെ ഹാസ്യാൽമ്മക വാർത്താ അവതരണം, ജർമൻകാരനായ ഡീറ്റർ കോപാറ്റ്സ് ആലപിച്ച മലയാള ഗാനം, ദന്പതികളുട സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികൾ സമ്മേളനത്തിന് കൊഴുപ്പേകിയെന്നു മാത്രമല്ല സായാഹ്നത്തെ ഏറെ ആസ്വാദ്യകരമാക്കി. അച്ചനും കപ്യാരും, കാലന്‍റെ കോടതി എന്നീ കോമഡി സ്കെച്ചുകൾ ഹാസ്യത്തിന്‍റെ വസന്തമായി. സംഗമത്തിന്‍റെ അവലോകനം ഹാസ്യരൂപത്തിൽ ആന്‍റണി കുറന്തോട്ടത്തിൽ അവതരിപ്പിച്ചു.സിറിയക് ചെറുകാട് പ്രാർത്ഥനാഗാനം ആലപിച്ചു. പ്രഫ.ഡോ. രാജപ്പൻ നായർ പ്രസംഗിച്ചു. തോമസ് ചക്യത്ത് സ്വാഗതം ആശംസിച്ചു. അപ്പച്ചൻ ചന്ദ്രത്തിൽ നന്ദി പറഞ്ഞു.മേരി വെള്ളാരംകാലായിൽ, പോൾ പ്ളാമൂട്ടിൽ എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു.

സമാപനദിവസമായ ജൂലൈ 30ന് ഞായറാഴ്ച രാവിലെ ഇൻഡ്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലി അർപ്പിച്ചു. തുടർന്നു കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികളെപ്പറ്റിയുള്ള അവലോകനം നടന്നു. അടുത്ത ഗ്ലോബൽ മീറ്റ് 2018 സമ്മറിൽ ജർമനിയിലെ കൊളോണിൽ നടത്തുമെന്ന പ്രഖ്യാപനത്തോടെ പരിപാടികൾക്കു തിരശീല വീണു. അപ്പച്ചൻ ചന്ദ്രത്തിൽ സണ്ണിവേലൂക്കാരൻ, ലില്ലി ചക്യാത്ത്, എൽസി വേലൂക്കാരൻ, ജെമ്മ ഗോപുരത്തിങ്കൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ