വിയന്ന മലയാളി അസോസിയേഷന്‍റെ ഓണം, സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ
Thursday, August 10, 2017 7:47 AM IST
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ വിയന്നാ മലയാളി അസോസിയേഷൻ ഈ വർഷത്തെ ഓണവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വിപുലമായ സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നു. വൻ ജനപങ്കാളിത്തത്തോടുകൂടിയ ആഘോഷങ്ങൾ ഓഗസ്റ്റ് 26 വൈകിട്ട് 6നു വിയന്നയിലെ 23മത്തെ ജില്ലയിലുള്ള ലീസിങ്ങേർ പ്ലാറ്റ്സിലുള്ള ടൌൻ ഹാളിലാണ് പരിപാടികൾ നടക്കുന്നത്.

ഈ വർഷത്തെ ആഘോഷങ്ങളിൽ വിവിധ നൃത്ത നൃത്തേതര പരിപാടികളായ ഇന്ത്യൻ ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, സിനിമാറ്റിക്, ബോളിവുഡ് തുടങ്ങിയ ഡാൻസുകളും അതോടൊപ്പം ജി ബിജു സംവിധാനം ചെയ്യുന്ന ന്ധകാലത്തിന്‍റെ കയ്യൊപ്പ്ന്ധ എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്. ആഘോഷ പരിപാടികളിലേക്ക് ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി വിഎംഎ പ്രസിഡന്‍റ് സോണി ചേന്നങ്കര അറിയിച്ചു.

ആഘോഷങ്ങളുടെ നടത്തിപ്പിനായി ആർട്സ് ക്ലബ്ബ് സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ, ജനറൽ സെക്രട്ടറി സുനീഷ് മുണ്ടിയാനിയ്ക്കൽ, വൈസ് പ്രസിഡന്‍റ് രാജൻ കുറുന്തോട്ടിക്കൽ, ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് തെക്കുംമല, ട്രഷറർ പോൾ കിഴക്കേക്കര, സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ജിമ്മി തോമസ് കുടിയത്തുകുഴിപ്പിൽ, എഡിറ്റർ ഫിലോമിന നിലവൂർ, കമ്മിറ്റി അംഗങ്ങളായ ജെൻസൻ തട്ടിൽ, ജോമി സ്രാന്പിക്കൽ, ബിനോയി ഉൗക്കൻ, ഷാരിൻ ചാലിശ്ശേരി, റോവിൻ പേരപ്പാടൻ തുടങ്ങിയവർ പ്രവർത്തിച്ചു വരുന്നു.

ഇതോടൊപ്പം വിഎംഎയുടെ ചാരിറ്റി പ്രവർത്തനത്തിന്‍റെ മൂന്നാമത്തെ സംരംഭമായ മലപ്പുറത്തെ വാലില്ലാ പ്പുഴയിൽ പണിയുന്ന ഭവനത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി വിഎംഎ ചാരിറ്റി ട്രസ്റ്റ് ചെയർമാൻ മാത്യൂസ് കിഴക്കേക്കര അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ