ദസറ: ഗജവീരന്മാർ എത്തി; ഗജപായനയ്ക്കു തുടക്കം
Saturday, August 12, 2017 8:10 AM IST
മൈസൂരു: ദസറ ആഘോഷങ്ങൾക്കു തുടക്കമിട്ട് ആനകളെ മൈസൂരുവിലേക്ക് ആനയിക്കുന്ന പരന്പരാഗത ചടങ്ങായ ഗജപായനയ്ക്ക് തുടക്കമായി. ഹുൻസൂരിലെ വീരനഹോസള്ളിക്കു സമീപത്തെ നാഗപുരയിൽ രാവിലെ 11ന് ആരംഭിച്ച ചടങ്ങ് ദസറ എക്സിക്യൂട്ടീവ് ചെയർമാനും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ എച്ച്.സി. മഹാദേവപ്പ ഫ്ളാഗ് ഓഫ് ചെയ്തു. പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസമന്ത്രി തൻവീർ സേഠ്, സാംസ്കാരികമന്ത്രി ഉമാശ്രീ, ടൂറിസം മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരും പങ്കെടുത്തു.

ജംബുസവാരിയിൽ സുവർണസിംഹാസനം വഹിക്കുന്ന അന്പാരി ആന അർജുന, അഭിമന്യു, ഗജേന്ദ്ര, ബലരാമ, വിജയ, കാവേരി, വരലക്ഷ്മി, ഭീമ എന്നീ ആനകളാണ് ഇന്നലെ എത്തിയത്. ഇപ്പോൾ അലോക പാലസ് ഗ്രൗണ്ട ിൽ ഇവർക്ക് താവളമൊരുക്കിയിരിക്കുകയാണ്. 17ന് ഉച്ചയ്ക്ക് 12.05ന് ഇവയെ മൈസൂരു കൊട്ടാരത്തിലേക്ക് ആനയിക്കും.

20ന് നടക്കുന്ന രണ്ട ാംഘട്ട ഗജപായനയിൽ ഗോപാൽസ്വാമി, വിക്രമ, ഗോപി, ഹർഷ, പ്രശാന്ത, കൃഷ്ണ, ദ്രോണ എന്നീ ഏഴ് ആനകൾ കൂടി എത്തും. ഇത്തവണ 15 ആനകളാണ് ദസറയിൽ പങ്കെടുക്കുന്നത്.