ബലപ്രയോഗം പരിഹാരമല്ല: മെർക്കൽ
Saturday, August 12, 2017 8:30 AM IST
ബെർലിൻ: ഉത്തര കൊറിയയുമായി പാശ്ചാത്യ രാജ്യങ്ങൾ തുടരുന്ന സംഘർഷം പരിഹരിക്കാൻ ബല പ്രയോഗമല്ല ഉചിതമായ മാർഗമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. കൊറിയയെ നേരിടാൻ യുഎസ് സൈന്യം സർവസജ്ജമാണെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ട്വീറ്റിനെത്തുടർന്നാണ് മെർക്കലിന്‍റെ പ്രതികരണം.

സൈനിക പരിഹാരമല്ല, സമാധാനപരമായ പരിഹാരമാണ് താൻ ആഗ്രഹിക്കുന്നതെന്ന് മെർക്കൽ പറഞ്ഞു. അതിനായി ജർമനി പരമാവധി ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി.

പരസ്പരം വാക്കുകളാലുള്ള പ്രകോപനം യുഎസും കൊറിയയും അവസാനിപ്പിക്കണം. യുഎസും ചൈനയും ദക്ഷിണ കൊറിയയും ജപ്പാനും പ്രശ്നപരിഹാരത്തിന് ഒരുമിച്ച് ശ്രമം നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ