പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
Monday, August 21, 2017 8:21 AM IST
പാരീസ്/തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. തൃശൂരും തിരുവന്തപുരത്തുമായി രണ്ടു സ്ഥലങ്ങളിൽ മൂന്നു ദിവസങ്ങളായിട്ടാണ് സമ്മേളനം നടക്കുക. തൃശൂരിൽ ഓഗസ്റ്റ് 21, 22 തീയതികളിലായി നടക്കുന്ന ആദ്യ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ എത്തിത്തുടങ്ങി.

തൃശൂർ നഗരത്തിൽ തന്നെ വിവിധ ഹോട്ടലുകളിലായി ഇവർക്ക് താമസ സൗകര്യം സംഘാടക സമിതിയുടെ നേതൃത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള വ്യക്തികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പൊതു സമ്മേളനം, ജനറൽ ബോഡി, കലാപരിപാടികൾ, പുതിയ പദ്ധതികളുടെ ഉദ്ഘാടനം, അവാർഡ് ദാനം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അഗതി മന്ദിരങ്ങളിലെ അമ്മമാർക്കുള്ള ഓണക്കോടി നൽകുന്ന പരിപാടിയായ 'അമ്മയ്ക്കൊരു മുണ്ട് ' പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങിൽ നടക്കും.

തൃശൂരിൽ നടക്കുന്ന പരിപാടികളോടനുബന്ധിച്ചു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഇന്നസെന്‍റ് എംപി, സി എൻ ജയദേവൻ എംപി, എഡിജിപി കെ.പത്മകുമാർ, ഡോ.വി പി ഗംഗാധരൻ തുടങ്ങിയവർ പങ്കെടുക്കും.

തിരുവന്തപുരത്തു ഓഗസ്റ്റ് മുപ്പതിന് നടക്കുന്ന സമ്മേളനത്തിൽ മിസോറാം ഗവർണർ നിർഭായ് ശർമ്മ മുഖ്യാതിഥിയായിരിക്കും. മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ പിഎംഎഫ് നടപ്പാക്കാൻ പോകുന്ന വിവിധ ജനക്ഷേമ പദ്ധതികളെ സംബന്ധിച്ച ബിസിനസ് മീറ്റും ഇതോടനുബന്ധിച്ചു നടക്കും. പിഎംഎഫ് കുടുംബശ്രീ, സ്വയം തൊഴിൽ പദ്ധതികളുടെ പ്രഖ്യാപനവും, പിഎംഎഫ് ആഭിമുഖ്യത്തിലുള്ള എൻജിഓ പ്രവർത്തന പരിപാടിയെക്കുറിച്ചു ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ വിശദീകരിക്കുമെന്ന് പിഎംഎഫ് പിആർഒ ഡോ. അനസ് കെ.കെ. അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ