സ്റ്റീവനേജ് സർഗ്ഗം 'പൊന്നോണം 2017' ത്തിനു മുഖ്യാതിഥിയായി ശങ്കർ
Monday, August 21, 2017 8:23 AM IST
സ്റ്റീവനേജ്: ലണ്ടൻ റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷനായ 'സർഗ്ഗം' സ്റ്റീവനേജിന്‍റെ വിപുലമായ ഓണോത്സവം ഓഗസ്റ്റ് 26 നു വാശിയേറിയ ഇൻഡോർ മത്സരങ്ങളോടെ തുടക്കം കുറിക്കപ്പെടും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ സിനിമാസ്വാദകരുടെ ഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയ അനുഗ്രഹീത നടൻ ശങ്കർ മുഖ്യാതിഥിയായി സർഗ്ഗം 'പൊന്നോണം 2017'ന്‍റെ കൊട്ടിക്കലാശ ദിനത്തിൽ പങ്കു ചേരും. സെപ്റ്റംബർ 9നു നടക്കുന്ന കലാ സാംസ്കാരിക പരിപാടികൾക്ക് ഈ 'നൂറ്റാണ്ടിലെ ഏറ്റവും മികച്ച റൊമാന്‍റിക് ഹീറോ' തന്നെ തിരി തെളിക്കും.

ഓഗസ്റ്റ് 26 നു ശനിയാഴ്ച രണ്ടിന് കാന്‍റർബറി റോഡിലുള്ള സെന്‍റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്‍ററിലെ ഇരു ഹാളുകളിലായി ആരംഭിക്കുന്ന ഇൻഡോർ മത്സരങ്ങളോടെ രണ്ടാഴ്ച നീളുന്ന ആഘോഷത്തിനു ആവേശകരമായ നാന്ദി കുറിക്കപ്പെടും. മത്സരയിനങ്ങളിൽ ഏറ്റവും ആവേശമായ കായിക മത്സരങ്ങളിലും ഒൗട്ട് ഡോർ ഗെയിംസിലും സെപ്റ്റംബർ 2,3 തീയതികളിൽ സർഗ്ഗം കുടുംബാംഗങ്ങൾ തമ്മിൽ തീപാറുന്ന വാശിയോടെയാവും മാറ്റുരക്കുക. സെന്‍റ് നിക്കോളാസ് ഗ്രൗണ്ടിൽ നടത്തപ്പെടുന്ന കായിക മാമാങ്കങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും, കാണികൾക്കും ലഘു ഭക്ഷണവും ചായയും മറ്റും സംഘാടകർ ഒരുക്കുന്നുണ്ട്.

ലണ്ടനിലെ ഏറെ ശ്രദ്ധേയമായ ഓണാഘോഷമെന്ന വർഷങ്ങളായുള്ള പ്രശസ്തി ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന തലത്തിലാണ് അണിയറയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നു കമ്മിറ്റി മെംബർമാരായ ബോസ് ലൂക്കോസ്, ജോസഫ് സ്റ്റീഫൻ,ജോയി ഇരുന്പൻ, സുജ സോയിമോൻ, ഉഷാ നാരായണ്‍, ഹരിദാസൻ, ലാലു, വർഗ്ഗീസ് എന്നിവർ അവകാശപ്പെടുന്നു. സർഗ്ഗം പൊന്നോണം2017 ആവേശാഘോഷങ്ങൾക്കു ഉജ്ജ്വല സമാപനം കുറിക്കുന്ന ഓണാനുബന്ധ കലാസാംസ്കാരിക പരിപാടികൾക്ക് ബാർക്ലെയ്സ് സ്കൂൾ ഓഡിറ്റോറിയം അരങ്ങൊരുങ്ങുന്പോൾ തങ്ങളുടെ കലാവൈഭവങ്ങൾ അവതരിപ്പിക്കുവാൻ താല്പര്യപ്പെടുന്നവർ കൾച്ചറൽ ഇവൻറ് കോർഡിനേറ്റർ ഷാജി ഫിലിപ്പുമായി (07737700911) ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്.

സെപ്റ്റംബർ 9 ശനിയാഴ്ചത്തെ മുഴുദിന ആഘോഷമായ സർഗ്ഗം ’പൊന്നോണം2017’ ന്‍റെ (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ) ആവേശപൂർവ്വമുള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും, ലണ്ടനിലും പ്രാന്ത പ്രദേശത്തുമുള്ള സുഹൃദ് വൃന്ദവും. ഒരു മാസത്തോളമായി ഒരുക്കങ്ങൾ നടത്തി പോരുന്ന നിരവധി വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങങ്ങളോടൊപ്പം, പൂക്കളവും, ഗാനമേളയും, അതിഗംഭീരമായ ഓണസദ്യയും, ഒപ്പം വിശിഷ്ടാതിഥിയായ ശങ്കറിനോടൊപ്പം, മാവേലി മന്നനും കൂടി വന്നു ചേരുന്പോൾ ആഘോഷത്തിന് വർണ്ണം ചാർത്തുവാൻ കടുവകളിയും, ചെണ്ടമേളവും ഒക്കെയായി സർഗ്ഗം പൊന്നോണം പ്രൗഢഗംഭീരമാവും.

തിരുവോണ നാളുകളുടെ പൗരാണിക കാലത്തെ പുകൾപെറ്റ അനുസ്മരണകൾ ഉണർത്തുന്ന സർഗ്ഗം പൊന്നോണത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രസിഡണ്ട് കുരുവിള അബ്രാഹം (07886935695),സെക്രട്ടറി മനോജ് ജോണ്‍ (07735285036),ഖജാൻജി ഷാജി ഫിലിഫ് (07737700911) എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

സർഗ്ഗം 'പൊന്നോണം2017' ന്‍റെ വേദിയുടെ വിലാസം: സ്റ്റീവനേജ് ഓൾഡ് ടൌണിലുള്ള ബാർക്ലെസ് സ്കൂൾ ഓഡിറ്റോറിയം, വാക്കേൻ റോഡ്,എസ്ജി1 3ആർബി.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ