ബാഴ്സലോണ ആക്രമണം: മുഖ്യ പ്രതിയെയും വെടിവച്ചു കൊന്നു
Tuesday, August 22, 2017 8:04 AM IST
ബാഴ്സലോണ: ജനക്കൂട്ടത്തിനിടയിലേക്ക് വാൻ ഓടിച്ചു കയറ്റി 13 പേരെ കൊന്ന സംഭവത്തിലെ മുഖ്യ പ്രതി യൂനിസ് അബുയാക്കൂബിനെയും പോലീസ് വെടിവച്ചു കൊന്നു. ആക്രമണം നടത്തിയ വാൻ ഓടിച്ചിരുന്നത് ഇയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ.

കേസിലെ മറ്റു 12 പ്രതികളെയും പോലീസ് പിടികൂടുകയോ വധിക്കുകയോ ചെയ്തിരുന്നു. അബുയാക്കൂബിനായി നടത്തി വന്ന അന്വേഷണത്തിനൊടുവിൽ ബാഴ്സലോണയിൽ 25 മൈൽ അകലെനിന്നാണ് ഇയാളെ കിട്ടിയത്. ഈ സമയത്ത് ഇയാൾ വ്യാജ ബെൽറ്റ് ബോംബ് ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും, അല്ലാഹു അക്ബർ എന്ന് ഉച്ചത്തിൽ വിളിക്കുകയും ചെയ്തിരുന്നുവത്രെ.

ഒരു പെട്രോൾ സ്റ്റേഷൻ ജീവനക്കാരനാണ് ഇയാളെ തിരിച്ചറിഞ്ഞ് പോലീസിൽ വിവരമറിയിച്ചത്. ഒരു വൈൻ യാർഡിലാണ് അബുയാക്കൂബ് ഒളിച്ചിരുന്നത്. മൊറോക്കോ വംശജനായ ഇയാളെ വെടിവച്ചിട്ട ശേഷം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ വ്യാജമായിരുന്നു എന്നു വ്യക്തമായത്.
അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും, അന്താരാഷ്ട്ര തലത്തിൽ തുടരുകയാണെന്നും അധികൃതർ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ