ഫ്രാൻസിൽ വിദ്യാർഥികൾക്ക് ജീവിതച്ചെലവ് കൂടുന്നു
Tuesday, August 22, 2017 8:06 AM IST
പാരീസ്: പുതിയ അധ്യയന വർഷത്തിന് ഫ്രാൻസിൽ തുടക്കം കുറിക്കാനിരിക്കെ വിദ്യാർഥികൾക്ക് അശുഭവാർത്ത. ഉന്നത വിദ്യാഭ്യാസം നടത്തുന്നവരുടെ ജീവിതച്ചെലവ് രണ്ടുശതമാനം വരെ കുടുമെന്നാണ് കണക്കാക്കുന്നത്.

ഫ്രാൻസിലെ പ്രധാന വിദ്യാർഥി യൂണിയനായ യുനെഫ് ഈ സാഹചര്യത്തെ ആശങ്കാജനകമെന്നാണ് വിശേഷിപ്പിക്കുന്നത്. 2.09 ശതമാനമാണ് ചെലവിൽ പ്രതീക്ഷിക്കുന്ന വർധന. സമീപ വർഷങ്ങളിലേതിനെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ നിരക്ക്. 2015ൽ 1.1 ശതമാനമാണ് ചെലവ് കൂടിയത്. 2016ൽ 1.23 ശതമാനവും. 0.7 എന്ന നാണ്യപ്പെരുപ്പത്തിന്‍റെ മൂന്നു മടങ്ങാണ് ഇപ്പോഴത്തെ വർധന.

ഫ്രാൻസിലെ മിക്ക വൻനഗരങ്ങളിലും വാടകയിനത്തിൽ വന്ന വർധന, ഗതാഗതച്ചെലവിൽ വന്ന വർധന തുടങ്ങിയവയാണ് ഇതിനു പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ