റോജി എം. ജോണ്‍ എംഎൽഎക്ക് ആൽഫാ ഓസ്ട്രേലിയയുടെ സ്വീകരണം
Wednesday, August 23, 2017 7:35 AM IST
മെൽബണ്‍: അങ്കമാലി എംഎൽഎ റോജി എം. ജോണിന് അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ (ആൽഫാ) നേതൃത്വത്തിൽ ഓഗസ്റ്റ് 29 ചൊവ്വാഴ്ച മെൽബണിൽ സ്വീകരണം നൽകും. ഒഐസിസി വിക്ടോറിയ ഘടകത്തിന്‍റെയും ആൽഫായുടെയും പ്രത്യേക ക്ഷണപ്രകാരം ഓഗസ്റ്റ് 29ന് മൂന്നിന് മെൽബണ്‍ എയർപോർട്ടിൽ എത്തിചേരുന്ന റോജി എം. ജോണ്‍ എംഎൽഎയെ ഒഐസിസി ഭാരവാഹികളും ആൽഫായുടെ ഭാരവാഹികളായ എം.യു. മാർട്ടിൻ, സോജി ആന്‍റണി, ജോബി പഞ്ഞിക്കാരൻ എന്നിവർ ചേർന്നു സ്വീകരിക്കും. തുടർന്ന് മെൽബണ്‍ ഷൈൻസ് ഡെറിമുട്ടിൽ വൈകീട്ട് 5.30ന് നടക്കുന്ന സ്വീകരണചടങ്ങിൽ ആൽഫായിലെ എല്ലാ അംഗങ്ങളും പങ്കെടുക്കും.

അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ നേതൃത്വത്തിൽ അങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും നിർധനരായ വിദ്യാർത്ഥികൾക്കും രോഗികൾക്കും ധനസഹായം നൽകുന്നതിനുവേണ്ടി ആരംഭിക്കുന്ന ജീവകാരുണ്യനിധിയുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എംഎൽഎ നിർവ്വഹിക്കും. തുടർന്ന് അങ്കമാലി നിയോജകമണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളെപ്പറ്റിയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെയുംകുറിച്ച് അദ്ദേഹം വിശദീകരിക്കും.

2017 ഏപ്രിൽ 22ന് മെൽബണിൽ നടന്ന ആൽഫായുടെ ഉദ്ഘാടന ചടങ്ങിൽ നിയമസഭാ സമ്മേളനം മൂലം പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും വീഡിയോയിലൂടെ മെൽബണിലെ അങ്കമാലിക്കാരുടെ പ്രഥമ സംഘടനയായ അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന് റോജി എം. ജോണ്‍ എംഎൽഎ ആശംസകൾ നേർന്നിരുന്നുì. അങ്കമാലിയുടെ വികസന പ്രവർത്തനങ്ങളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കനുന്നതിനും പ്രവാസികളായ അങ്കമാലിക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ എംഎൽഎയെ അറിയിക്കുന്നതിനും അവസരം ലഭിക്കുന്ന ഈ സ്വീകരണചടങ്ങിൽ പങ്കെടുക്കാൻ സംഘടനാ-രാഷ്ട്രീയ ഭേദമെന്യെ എല്ലാവരെയും ക്ഷണിക്കുന്നതായി ആൽഫായുടെ ഭാരവാഹികൾ അറിയിച്ചു.

അഡ്രസ്സ്: 169 Windsor Boulevard Derrimut

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ