കരുത്തു തെളിയിക്കുവാൻ കടൽ കടന്നു 'തെമ്മാടിക്കൂട്ടം'
Wednesday, August 23, 2017 8:09 AM IST
ലണ്ടൻ: കഴിഞ്ഞ കുറെ വർഷങ്ങൾ ആയി യുകെ വടംവലി ചരിത്രത്തിൽ നിറ സാന്നിധ്യമായ, യുകെ മലയാളികൾക്കെല്ലാം ആവേശമായ കരുത്തന്മാർ ഇത്തവണ അങ്കം കുറിക്കാൻ പുറപ്പെടുന്നത് അമേരിക്കയിലേക്കാണ്. അംമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മ്മ ആയ ഷിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തിൽ പങ്കെടുക്കുന്നതിനാണ് തെമ്മാടി പുറപ്പെടുന്നത്. 2011 മുതൽ യുകെയിൽ പങ്കെടുത്ത എല്ലാ വടംവലി മത്സരങ്ങളിലും എതിരാളികളെ മലർത്തിയടിച്ചു തീപാറുന്ന വിജയം കാഴ്ച വച്ചിട്ടുള്ള വരാണ് വൂസ്റ്ററിലെ തെമ്മാടികൾ.

കഴിഞ്ഞ മാസം യുക്മ സംഘടിപ്പിച്ച വള്ളംകളി മത്സരത്തിൽ ജേതാക്കൾ ആയതിന്‍റെ ആവേശം കെട്ടടങ്ങുന്നതിനു മുന്പേയാണ് തെമ്മാടികൾ വടംവലി മത്സരത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് യാത്ര ആവുന്നത്.

തെമ്മാടി വടംവലി ടീം ക്യാപ്റ്റൻ ആയ ഷിജു അലക്സിന്‍റെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. ഒരു അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമായി പങ്കെടുക്കുന്നതുകൊണ്ടു തന്നെ അതി കഠിനമായ പരിശീലനമാണ് ഇപ്പോൾ നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ടീം അംഗങ്ങൾ എല്ലാവരും വളരെ ആവേശത്തിലാണ്. മുറ തെറ്റാതെ പരിശീലനത്തിൽ എല്ലവരും പങ്കെടുക്കുന്നു. ഇത്തവണ അമേരിക്കയിലെ തെമ്മാടിയുടെ സാന്നിധ്യം പങ്കെടുക്കുന്ന മറ്റു ടീമുകൾക്ക് മത്സരം കടുത്തതാക്കുമെന്നു അദ്ദേഹം പറഞ്ഞു.

കരുത്തരും നിലവിലെ ചാന്പ്യന്മാരുമായ കുവൈറ്റ്, ഖത്തർ, അബുദാബി, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അതുപോലെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത്സരിക്കാനെത്തുന്ന പരിചയ സന്പന്നരായ ടീമുകളോടാണ് ഏറ്റുമുട്ടുന്നത്. തെമ്മാടിയ്ക്കു ഇത് കനത്ത ഒരു വെല്ലുവിളി തന്നെ ആയിരിക്കും.

ടീമിനോടൊപ്പം അമേരിക്കൻ പര്യടനത്തിന് കട്ട സപ്പോർട്ട് മായി മാൽവേനിൽ നിന്നും റെജി ചാക്കോ, ടി റ്റു സിറിയക് , ഗ്ലോസ്റ്ററിൽ നിന്നും ശിവ കമ്മത്, നോട്ടിങ്ങാമിൽ നിന്നും ഡിക്സ് ജോർജ്, വൂസ്റ്ററിൽ നിന്നും ജോണ്‍ തോമസ് എന്നിവരും ഒപ്പം ചേരുന്നു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ