പ്രാസികൾക്ക് ഇന്ത്യൻ വിമാന യാത്രകൾ ഇനി മുതൽ ഖത്തർ എയർവെയ്സും വിസ്താരയും മുഖേന
Wednesday, August 23, 2017 8:11 AM IST
ഫ്രാങ്ക്ഫർട്ട്-ദോഹ: ഇന്ത്യൻ വിമാന കന്പനിയായ വിസ്താരയും ഖത്തർ എയർവെയ്സും പുതിയ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ ഇന്നലെ ചൊവ്വാഴ്ച്ച, 22 ഓഗസ്റ്റ്് മുതൽ പ്രാബല്യത്തിലായി. പുതിയ കരാർ പ്രകാരം ഒറ്റ ടിക്കറ്റ് ഉപയോഗിച്ച് ഖത്തർ എയർവെയ്സിന്‍റെ യാത്രക്കാർക്ക് ദോഹ വഴി ഇന്ത്യൻ എയർപോർട്ടുകളിലേക്ക് യാത്ര ചെയ്യാം.

വിസ്താരയുടെ യാത്രക്കാർക്ക് ഇന്ത്യയിൽനിന്ന് ദോഹ വഴി ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്ക് ഖത്തർ എയർവെയ്സിലും യാത്ര ചെയ്യാം. ഖത്തർ എയർവെയ്സിന്‍റെ അന്താരാഷ്ട്ര ബാഗേജ് ആനുകൂല്യങ്ങളോടെ വിസ്താരയിൽ യാത്രചെയ്യാം. വിസ്താരയുമായുള്ള പുതിയ കരാറിലൂടെ ഖത്തർ എയർവെയ്സ് യാത്രക്കാർക്ക് ഇന്ത്യൻ നഗരങ്ങളിൽ സൗകര്യപ്രദമായി യാത്ര ചെയ്യാമെന്ന വിവരം
ഖത്തർ എയർവെയ്സ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു. ഇന്ത്യൻ വ്യോമ വിപണി വളരെ പ്രധാനപ്പെട്ടതാണെന്നും ദോഹയിൽ നിന്ന് പതിമൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ആഴ്ചയിൽ നൂറിലധികം ഖത്തർ എയർവെയ്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നതെന്നും അൽ ബേക്കർ പറഞ്ഞു. പുതിയ പങ്കാളിത്തം ഇന്ത്യയിലെ ഖത്തർ എയർവെയ്സിന്‍റെ സാന്നിധ്യം ശക്തമാക്കുമെന്ന് അൽ ബേക്കർ കൂട്ടിച്ചേർത്തു. ഖത്തർ എയർവെയ്സിന്‍റെ സേവന മേഖല വിപുലീകരിക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ലഭിക്കും.

ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് വിസ്താരയ്ക്കൊപ്പം സൗകര്യപ്രദമായി വിമാനയാത്ര ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് വിസ്താര ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫീ തെയ്ക് യിയോ പറഞ്ഞു. ഇന്ത്യൻ ആഭ്യന്തര സർവീസുകളിൽ പ്രീമിയം എക്കോണമി ക്ലാസ് അവതരിപ്പിച്ച ഇന്ത്യയിലെ ഏക എയർലൈൻസാണ് വിസ്താര. പത്തൊന്പത് കേന്ദ്രങ്ങളിലേക്ക് 625 ലധികം വിമാനങ്ങളാണ് സർവീസ് വിസ്താരാ നടത്തുന്നത്. ടാറ്റയും സിങ്കപ്പൂർ എയർലൈൻസും ചേർന്ന് 2015 ൽ തുടക്കമിട്ട ഇന്ത്യൻ ആഭ്യന്തര വിമാന കന്പനിയാണ് വിസ്താര.

ഖത്തർ എയർവെയ്സ് ഇപ്പോൾ ഇന്ത്യയിലെ ഡൽഹി, കൊച്ചി, അഹമ്മദാബാദ്, അമൃതസർ, ബെംഗളൂരു, മുംബൈ, കോഴിക്കോട്, കൊൽക്കത്ത, ഗോവ, ഹൈദരാബാദ്, ചെന്നൈ, നാഗ്പുർ, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങിലേക്ക് സർവീസ് നടത്തുന്നു. ലോകത്ത് 150ഓളം വിമാനത്താവളങ്ങിലേക്കാണ് ഖത്തർ എയർവെയ്സ് നിലവിൽ സർവീസ് നടത്തുന്നത്. ഖത്തർ എയർവെയ്സും വിസ്താരയും തമ്മിലുള്ള പങ്കാളിത്ത കരാർ ലോകത്തെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ഗുണകരമാകും.

റിപ്പോർട്ട്: ജോർജ് ജോണ്‍