ദസറ: മൈസൂരുവിൽ ഒരുക്കങ്ങൾ കെങ്കേമം
Tuesday, August 29, 2017 8:03 AM IST
മൈസൂരു: അടുത്ത മാസം നടക്കുന്ന ദസറ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ തകൃതി. മൈസൂരു ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തുന്നത്. സെപ്റ്റംബർ ഒന്നിനകം ദസറ പരിപാടികളുടെ അന്തിമ പട്ടിക തയാറാക്കാൻ ഡപ്യൂട്ടി കമ്മീഷണർ നിർദേശം നല്കിയിട്ടുണ്ട്. ദസറയ്ക്കായുള്ള ക്ഷണക്കത്തുകളുടെ വിതരണം സെപ്റ്റംബർ മൂന്നിന് ആരംഭിക്കും.

രുചിമേളം തീർക്കാൻ ഭക്ഷ്യമേള

ദസറയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഭക്ഷ്യമേള. ഇത്തവണയും ഭക്ഷ്യമേള കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ഭക്ഷ്യമേളയുടെ പോസ്റ്റർ ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്‍ദീപ് പ്രകാശനം ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ട ്സ് കൂടാതെ രണ്ടു വേദികളിൽ കൂടി ഇത്തവണ ഭക്ഷ്യമേള സംഘടിപ്പിക്കാനാണ് തീരുമാനം. ലളിത മഹൽ ഹെലിപാഡിനു സമീപമുള്ള എംയുഡിഎ ഗ്രൗണ്ട്സ്, എന്നിവിടങ്ങളിലും സതഗള്ളി ബസ് സ്റ്റാൻഡിനു സമീപമുള്ള മൈതാനം, നാസർബാദിലെ പീപ്പിൾസ് പാർക്ക്, കെആർഎസ് റോഡിലെ റെയിൽവേ ഗ്രൗണ്ട്സ്, കഴ്സണ്‍ പാർക്ക് എന്നിവിടങ്ങളിൽ അനുയോജ്യമായ രണ്ടു സ്ഥലങ്ങൾ മറ്റു വേദികളായി നിശ്ചയിക്കും.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ട്സിൽ സെപ്റ്റംബർ 21 മുതൽ 28 വരെയും മറ്റു വേദികളിൽ 21 മുതൽ 30 വരെയുമാണ് ഭക്ഷ്യമേള നടക്കുന്നത്. കഴിഞ്ഞ വർഷത്തെ ഭക്ഷ്യമേളയ്ക്കു മികച്ച പ്രതികരണമാണ് സന്ദർശകരിൽ നിന്നു ലഭിച്ചത്. ഇതിനാലാണ് തിരക്ക് കണക്കിലെടുത്ത് ഇത്തവണ മൂന്നു വേദികളിൽ മേള നടത്താൻ ദസറ ഭക്ഷ്യമേള കമ്മിറ്റി തീരുമാനിച്ചത്. കൂടാതെ, സ്കൗട്ട്സ് ആൻഡ് ഗൗഡ്സ് ഗ്രൗണ്ട ്സിൽ ഇത്തവണ നൂറു സ്റ്റാളുകൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. മൈസൂരു, ചാമരാജനഗർ, കുടക്, ഉത്തര കന്നഡ ജില്ലകൾ എന്നിവിടങ്ങളിൽ നിന്നുള്ള സോളിഗാസ്, സിദ്ദിസ്, ഹക്കി പിക്കി, കോറഗ, മലേ കുഡിയ ഗോത്രസമൂഹങ്ങളും ഭക്ഷ്യമേളയിൽ പങ്കെടുക്കും.

കരിവീര·ാർ ഒരുങ്ങി

ദസറയുടെ പ്രധാന ആകർഷണമായ ജംബോസവാരിക്കായുള്ള ആനകളുടെ പരിശീലനം നടന്നുവരികയാണ്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ ഭാരം വഹിക്കാനുള്ള പരിശീലനമാണ് പ്രധാനമായും ആനകൾക്ക് നല്കുന്നത്. ആദ്യത്തെ സംഘത്തിൽ ഉൾപ്പെട്ട എട്ട് ആനകൾക്കാണ് ഇപ്പോൾ പരിശീലനം നല്കുന്നത്. ജംബുസവാരിയിൽ സുവർണസിംഹാസനം വഹിക്കുന്ന അർജുന, ബലരാമ, അഭിമന്യു, ഗജേന്ദ്ര, കാവേരി, വിജയ, ഭീമ, എന്നീ ആനകൾക്കാണ് പ്രത്യേക പരിശീലനം നല്കുന്നത്.

ആനകളുടെ രണ്ടാം സംഘം ഓഗസ്റ്റ് 31ന് മൈസൂരു കൊട്ടാരത്തിലെത്തും. കൊട്ടാരത്തിലെ ജയമാർത്താണ്ഡ പ്രവേശനകവാടത്തിൽ പരന്പരാഗത ചടങ്ങുകൾ പ്രകാരം സ്വീകരണം നല്കും. ഗോപാലസ്വാമി, വിക്രം, ഗോപി, ഹർഷ, പ്രശാന്ത, ദ്രോണ, കൃഷ്ണ എന്നിവയാണ് രണ്ട ാം സംഘത്തിലുള്ളത്. കൊട്ടാരത്തിലെത്തിയാൽ ഇവയ്ക്കുള്ള പരിശീലനവും ആരംഭിക്കും.

വസന്തമൊരുക്കി പുഷ്പമേള

ഹോർട്ടികൾച്ചർ വകുപ്പിന്‍റെ നേതൃത്വത്തിൽ ദസറ പുഷ്പമേളയുടെ ഒരുക്കങ്ങൾ കുപ്പണ ഉദ്യാനത്തിൽ പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവയിനം പുഷ്പങ്ങളും സസ്യങ്ങളും മേളയിൽ ഇടംപിടിക്കും. ന്യൂഡൽഹിയിലെ ചെങ്കോട്ട, ചാമുണ്ഡേശ്വരി ക്ഷേത്രം തുടങ്ങി ചരിത്രസ്മാരകങ്ങളുടെ മാതൃകകളായിരിക്കും പുഷ്പമേളയുടെ പ്രധാന ആകർഷണം. വാസ്കോ ഡ ഗാമ ഇന്ത്യയിൽ എത്താൻ ഉപയോഗിച്ച കപ്പലിന്‍റെ മാതൃകയും പുഷ്പങ്ങൾ കൊണ്ട് ഒരുക്കും.

ഇവ കൂടാതെ ഓവൽ ഗ്രൗണ്ട ്സിൽ വ്യോമപ്രദർശനമടക്കമുള്ള സാഹസികവിനോദങ്ങൾ സംഘടിപ്പിക്കാനും ജില്ലാ ഭരണകൂടം പദ്ധതിയിടുന്നുണ്ട്. ഇതിനായി വ്യോമസേന അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്.

പ്ലാസ്റ്റിക്രഹിത ദസറ

ഇത്തവണ ദസറയുടെ പ്രചാരണപരിപാടികൾക്കായി തുണികൊണ്ട ുള്ള ബാനറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ജില്ലാ ഭരണകൂടം നിർദേശം നല്കിയിട്ടുണ്ട ്. കൊട്ടാരത്തിനു സമീപം ദസറ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചു. ദസറ പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കൾക്കും എഡിസിയുടെയും വിവര,പൊതുജനസന്പർക്ക വകുപ്പിന്‍റെയും അംഗീകാരം വേണമെന്നും ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്‍ദീപ് അറിയിച്ചു.

മധ്യവേനലവധി നേരത്തെയാക്കും

മൈസൂരു: ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മൈസൂരു ജില്ലയിലെ സ്കൂളുകൾക്കുള്ള മധ്യവേനലവധി നേരത്തെയാക്കിയേക്കും. നിലവിൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 മുതൽ 25 വരെയാണ് അവധി. സെപ്റ്റംബർ 21 മുതൽ 30 വരെയാണ് ദസറ ആഘോഷങ്ങൾ. ഈ സാഹചര്യത്തിൽ മൈസൂരുവിലെ സ്കൂളുകൾക്ക് മധ്യവേനലവധി സെപ്റ്റംബർ 21 മുതൽ ഒക്ടോബർ അഞ്ചു വരെയാക്കണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്‍ദീപ് പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പിന് കത്തയച്ചിട്ടുണ്ട്. അവധി നേരത്തെയാക്കുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ദസറ ആഘോഷത്തിൽ പങ്കെടുക്കാൻ സഹായകമാകുമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.