ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ 'പൊന്നോണ നിലാവ്' വ്യാഴാഴ്ച സിരി ഫോർട്ടിൽ
Wednesday, September 6, 2017 4:50 AM IST
ന്യൂഡൽഹി: ഡൽഹി മലയാളീ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ഓണാഘോഷം 'പൊന്നോണ നിലാവ്' വ്യാഴാഴ്ച വൈകുന്നേരം 5.30 മുതൽ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ അരങ്ങേറും. രാജ്യസഭാ ഡപ്യുട്ടി ചെയർമാനും ഡിഎംഎ രക്ഷാധികാരിയുമായ പ്രൊ. പി.ജെ. കുര്യന്‍റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുഖ്യാതിഥിയും ഡിഡിഎ ലാൻഡ് കമ്മിഷണർ സുബു. ആർ. (ഐഎഎഎസ്), വിശിഷ്ടാതിഥിയുമാകും.

ഡിഎംഎ പ്രസിഡന്‍റ് സി.എ. നായർ മുഖ്യ പ്രഭാഷണം നടത്തും. ഡിഎംഎ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, പൊന്നോണ നിലാവ് ജനറൽ കണ്‍വീനറും ഡിഎംഎ. വൈസ് പ്രസിഡന്‍റുമായ സി. കേശവൻ കുട്ടി, വിനോദിനി ഹരിദാസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച് ആചാരി, ട്രഷറർ സി.ബി. മോഹനൻ തുടങ്ങിയവർ പ്രസംഗിക്കും.

ചടങ്ങിൽ 2016,17 വിദ്യാഭ്യാസ വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്ലസ്ടു വിദ്യാർത്ഥികൾക്ക് സലിൽ ശിവദാസ് മെമ്മോറിയൽ അക്കാദമിക് എക്സെലെൻസ് അവാർഡ് നൽകി ആദരിക്കും. ഡിഎംഎ. കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുന്ന രംഗപൂജയും വിവിധ ഏരിയകൾ അവതരിപ്പിക്കുന്ന ദൃശ്യശ്രാവ്യ കലാസൃഷ്ടികളും പൊന്നോണ നിലാവിന് നിറപ്പകിട്ടേകും. ഏരിയ ഭാരവാഹികൾ അവരവരുടെ ഏരിയകളിൽനിന്ന് സിരി ഫോർട്ട് ഓഡിറ്റോറിയത്തിലേക്ക് യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിഎംഎ. ഓഫിസുമായി 26195511 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഓണാഘോഷത്തോടനുബന്ധിച്ചു ഞായറാഴ്ച ഡിഎംഎ. സാംസ്കാരിക സമുച്ചയത്തിൽനടന്ന പൂക്കള മത്സരത്തിൽ ഡിഎംഎ. വസുന്ധര എൻക്ലേവ് ഏരിയ ഒന്നാം സമ്മാനവും ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയ രണ്ടാം സമ്മാനവും ഫൈവ് ഫ്ളവേഴ്സ് (AIIMS) മൂന്നാം സമ്മാനവും കരസ്ഥമാക്കി. ഡി.എം.എ. ദ്വാരക ഏരിയ, ഡി.എം.എ. ദിൽഷാദ് ഗാർഡൻ ഏരിയ, ഗസ്റ്റ് ഹൗസ് (മയൂർ വിഹാർ3) എന്നീ ടീമുകൾ സമാശ്വാസ സമ്മാനങ്ങൾക്കും അർഹരായി. ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്കു ബുധനാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ട്രോഫിയും ക്യാഷ് പ്രൈസുകളും വിതരണം ചെയ്യും.

റിപ്പോർട്ട്: പി.എൻ. ഷാജി