സഹസ്ര നാമലേഖനം: ലിംകാ ബുക്ക് ഓഫ് റിക്കാർഡിൽ ഇരട്ട നേട്ടം കൊയ്യാൻ ശ്യാമളൻ
Tuesday, September 12, 2017 7:03 AM IST
ന്യൂഡൽഹി: ലാത്തിക്കു പകരം പേന ആയുധമാക്കി ലിംകാ ബുക്ക് ഓഫ് റിക്കാർഡിനുടമകൂടിയായ ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ പി.പി. ശ്യാമളൻ തന്‍റെ സുന്ദരമായ കൈയെഴുത്തിലൂടെ മറ്റൊരു റിക്കാർഡുകൂടി തീർക്കുവാൻ ഒരുങ്ങുന്നു.

സെപ്റ്റംബർ 24ന് (ഞായർ) രോഹിണി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ രാവിലെ 11 മുതൽ നാലു വരെയുള്ള അഞ്ചു മണിക്കൂറിനുള്ളിൽ ആയിരം ഗുരുദേവ ഭക്തരുടെ പേരുകൾ എഴുതി ലോക റിക്കാർഡിൽ ഇടം നേടുകയെന്നതാണ് ശ്യാമളന്‍റെ ലക്ഷ്യം. ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സ് ആണ് സംരംഭം ഒരുക്കുന്നത്.

ഡൽഹിയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും ശ്രീ നാരായണീയ പ്രസ്ഥാനങ്ങളുടെയും എസ്എൻഡിപി ഡൽഹി യൂണിയനു കീഴിലുള്ള 26 ശാഖകളുടെയും സഹകരണം ശ്യാമളന്‍റെ യത്നം സഫലമാക്കാനുതകുമെന്നു യൂണിയൻ സെക്രട്ടറി കല്ലറ മനോജ് പറഞ്ഞു.

റിപ്പോർട്ട്: പി.എൻ. ഷാജി