യുവജനതയുടെ ശക്തിയും ഭാവനയും സമൂഹനന്മക്കായി ഉപയോഗപ്പെടണം: അഡ്വ. ജോർജ് കുര്യൻ
Tuesday, September 12, 2017 9:26 AM IST
ഹോസ്ഖാസ് (ന്യൂഡൽഹി): രാജ്യത്ത് ഏറ്റവും കൂടുതൽ യുവാക്കൾ ആണ് എന്ന വസ്തുത നിലനിൽക്കുന്പോൾ രാജ്യ പുരോഗതിക്കായി യുവജനതയുടെ ശക്തിയും കഴിവും ബുദ്ധിയും സമൂഹനന്മക്കായി ഉപയോഗപ്പെടുത്തണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ അഡ്വ. ജോർജ് കുര്യൻ. ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച യുവജനവാര സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം.

സെപ്റ്റംബർ 10ന് നടന്ന സമ്മേളനം മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ഉദ്ഘാടനം ചെയ്തു. തുടർന്നു യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഹൃസ്വനാടകവും സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ നൃത്തവും മർത്തമറിയം വനിതാസമാജം പ്രവർത്തകർ അവതരിപ്പിച്ച ദ്യശ്യാവിഷ്കാരവും സമ്മേളനത്തിന്‍റെ ഭാഗമായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ഓണസദ്യയും ഒരുക്കി.

വികാരി ഫാ. ഷാജി ജോർജ്, സഹവികാരി ഫാ. പത്രോസ് ജോയി, സഭ മുൻ അല്മായ ട്രസ്റ്റി എം.ജി. ജോർജ് മുത്തൂറ്റ്, യുജവനപ്രസ്ഥാന സെക്രട്ടറി ജോജി നൈനാൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോജി വഴുവാഡി