ലത്തീൻ കത്തോലിക്കാ അസോസിയേഷൻ തിരുവോണം ആഘോഷിച്ചു
Thursday, September 14, 2017 9:55 AM IST
ഹാഗൻ: ജർമനിയിലെ ലത്തീൻ കത്തോലിക്കാ അസോസിയേഷന്‍റെ (എൽസിഎ) ആഭിമുഖ്യത്തിൽ തിരുവോണം ആഘോഷിച്ചു. സെപ്റ്റംബർ മൂന്നിന് ഹാഗൻ സെന്‍റ് എലിസബത്ത് ദേവാലയ കപ്പേളയിൽ നടന്ന ദിവ്യബലിയോടുകൂടി ആഘോഷങ്ങൾ സമാരംഭിച്ചു. ദിവ്യബലിയിൽ ഫാ. യേശുദാസ്, ഫാ.സാജു, ഫാ.ജോർജ്, ഫാ.ഷോജേസ് എന്നിവർ കാർമികരായി. സൂസൻ, മേഴ്സി, സുരേന്ദ്രൻ എന്നിവരുടെ ഗാനാലാപനത്തിന് ഫാ. നെൽസണ്‍ കീബോർഡും സോളമൻ ഗിത്താറും ഗായകസംഘത്തിന് അകന്പടിയായി.

തുടർന്നു ദേവാലയ ഹാളിൽ നടന്ന ആഘോഷപരിപാടികൾ വിശിഷ്ടാതിഥികളായ ഫാ. യേശുദാസ്, ഫാ. സാജു, ഫാ. ജോർജ്, ഫാ. ഷോജേസ് എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്തു. യേശുദാസ് പ്രാർഥനാ ഗാനവും ജൂലി യേശുദാസ് പൂക്കളവും ഒരുക്കി. അസോസിയേഷൻ പ്രസിഡന്‍റ് ജോണ്‍ ദാനിയേൽ സ്വാഗതം ആശംസിച്ചു.

സുരേന്ദ്രൻ, സൂസൻ, മേഴ്സി, ഫാ.നെൽസണ്‍, സൂരജ്, ശ്രുതി ഫാ.ആന്‍റണി, ജോസ് പോണാട്ട്, ഫിലിപ്പ് എന്നിവരുടെ ഓണപ്പാട്ടുകൾ, ഫാ. ജോർജിന്‍റെ ലഘുപ്രഭാഷണം തുടങ്ങിയവ ആഘോഷത്തെ സജീവമാക്കി. മോളി പോണാട്ട്, തന്പി, എൽസിഎ സെക്രട്ടറി യേശുദാസ് എന്നിവർ പ്രസംഗിച്ചു. ജൂലി പരിപാടികൾ മോഡറേറ്റ് ചെയ്തു. ഡ്യൂസൽഡോർഫിലും പ്രാന്തപ്രദേശങ്ങളിലെയും മലയാളികൾ ആഘോഷത്തിൽ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ