കൊളോണ്‍ കേരള സമാജം ഓണാഘോഷം പ്രൗഢഗംഭീരമായി
Saturday, September 16, 2017 8:28 AM IST
കൊളോണ്‍: ജർമനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണിൽ മുപ്പത്തിനാലു വർഷം പിന്നിട്ട കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസി രണ്ടാം തലമുറയെയും ജർമൻ സുഹൃത്തുക്കളെയും ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ തിരുവോണാഘോഷം അത്യാഡംബരപൂർവവും പ്രൗഢഗംഭീരവുമായി.

കൊളോണ്‍ വെസ്സ്ലിംഗ് സെന്‍റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ ഒന്പതിന് ജോണ്‍ പുത്തൻവീട്ടിൽ, ജോസ് കവലേച്ചിറ, മാത്യൂസ് കണ്ണങ്കേരിൽ എന്നിവരുടെ ഗാനാലാപനത്തിന് ദൃശ്യവിരുന്നൊരുക്കിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

ബ്യ്രൂൾ എംഎൽഎ ഗയോർഗ് ഗോലാന്‍റ്, സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി, ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരി, കൾച്ചറൽ സെക്രട്ടറി ജോസ് കുന്പിളുവേലിൽ, ഡോ.സോണിയ പുതുശേരി എന്നിവർ ചേർന്ന് സമാജം ഭാരവാഹികളുടെ സഹധർമ്മിണിമാരുടെ സാന്നിദ്ധ്യത്തിൽ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷി നിർത്തി ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.

അമ്മിണി കോയിക്കരയുടെ നേതൃത്വത്തിൽ ഡ്യൂസൽഡോർഫ് ബ്രൂട്ടീസിന്‍റെ ബാനറിൽ ഏലിയാക്കുട്ടി ഛദ്ദ, മേരി വില്യംസ്, മേരി ജയിംസ്, രമ സുരേന്ദ്രൻ, അന്നക്കുട്ടി നാൽപ്പാട്ട് എന്നിവർ അവതരിപ്പിച്ച തിരുവാതിരകളി അതിമനോഹരവും ശ്രേഷ്ഠതയിൽ കൊരുത്ത നൃത്തവിരുന്നിനു പുറമെ തിരുവോണത്തിന്‍റെ മഹനീയതയും വിളിച്ചോതി.

തുടർന്ന് ജോണ്‍ പുത്തൻവീട്ടിലിന്‍റെ നേതൃത്വത്തിൽ കേരള കലാലയം കൊളോണ്‍ ഒരുക്കിയ താളമേളങ്ങളുടെ സമന്വയത്തിൽ ചെണ്ടയുടെ താളമേളപ്പെരുമയിൽ, സെറ്റും മുണ്ടുമണിഞ്ഞ മങ്കമാരുടെയും പരിവാരങ്ങളുടെയും അകന്പടിയോടുകൂടി ജോർജ്ജ് അട്ടിപ്പേറ്റി മാവേലി മന്നനായി വേഷമിട്ട് എഴുന്നെള്ളിവന്ന് തിരുവോണത്തിന്‍റെ വൈശിഷ്യത്തെപ്പറ്റി സംഭാഷണത്തിലൂടെ വരച്ചുകാട്ടിയത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്.

വിൽസൻ പുത്തൻവീട്ടിൽ ഹാർമോണിയത്തിൽ വായിച്ച ശ്രുതിരാഗധ്വനിയിൽ, ചെണ്ടയുടെയും (ബേബിച്ചൻ കലേത്തുമുറിയിൽ, ജോസ് പുതുശേരി,അലക്സ് കള്ളിക്കാട്ട്, ജോസ് അരീക്കാടൻ, ലീല വിറ്റ്വർ, ഗ്രേസി പഴമണ്ണിൽ, ലില്ലി ജോണ്‍ പുത്തൻവീട്ടിൽ), ഇടക്കയുടെയും (ജോണ്‍ പുത്തൻവീട്ടിൽ) താളത്തിൽ(മേരി പുതുശേരി, ത്രേസ്യാക്കുട്ടി കളത്തിപ്പറന്പിൽ,മേരി അരീക്കാടൻ, വിവിയൻ അട്ടിപ്പേറ്റി) ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിൽ ലില്ലി ഉൗക്കൻ, അൽഫോൻസ അരീക്കാട്ട്, നിർമ്മല പ്ളാങ്കാലയിൽ എന്നിവർ “കാട്ടിലെ മാനിന്‍റെ” എന്ന ഗാനം ആലപിച്ച് മാവേലി്ക്ക് തിരുമുൾക്കാഴചയായി നൽകിയത് പുതുമ നിറഞ്ഞ പരിപാടിയായി. നിക്കോൾ കാരുവള്ളിൽ, റീന പാലത്തിങ്കലൽ എന്നിവർ അവതരിപ്പിച്ച അർദ്ധശാസ്ത്രീയ നൃത്തം, സത്യ, സാന്ദ്ര, സജന എന്നീ കുട്ടികളുടെ “ചെത്തി മന്ദാരം” സംഘനൃത്തം, മോനിക്ക ലാംഗറിന്‍റെ ബോളിവുഡ് റീമിക്സ്ഡാൻസ്, നിക്കോൾ കാരുവള്ളിലും മകൾ ജോഹാനയും ചേർന്ന് ബാഹുബലിയിലെ “മുകിൽ വർണ്ണാ”(അമ്മയും കണ്ണനും) നൃത്തം, തുടങ്ങിയവ സദസ്യരുടെ മുക്തകണ്ഠ പ്രശംസ നേടി. ഫാ.ജോസഫ് ചേലംപറന്പത്ത് ആശംസാ പ്രസംഗം നടത്തി. മാത്യു പാറ്റാനിയുടെ ശാസ്ത്രീയ ഗാനം, സുരേന്ദ്രന്‍റെ ഓണപ്പാട്ട്, ശ്രീജയുടെ മെലഡിഗാനം, വില്യം പത്രോസ്, മേരി വില്യം എന്നിവരുടെ നാടോടി നൃത്തം, എന്നിവ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. തങ്കരാജ്, കലാശ്രീ, സുനന്ദ എന്നിവർ ഒരുക്കിയ കലാഗ്രൂപ്പിന്‍റെ പൂക്കളവും, നിർമ്മല ഫെർണാണ്ടസ്, ഒൗസേപ്പച്ചൻ, ഗ്രേസി മുളപ്പൻചേരിൽ, കാര്യാമഠം ജെയിംസ്, റോസമ്മ ദന്പതികൾ ഒരുക്കിയ സസ്യഫലപ്രദർശനവും തിരുവോണത്തിന്‍റെ നവ്യതയ്ക്കൊപ്പം പ്രൗഢിയും പകർന്നു.

സമാജം സംഘടിപ്പിച്ച പത്താമത് കർഷകശ്രീ പട്ടം ആഘോഷവേളയിൽ സമ്മാനിച്ചു. ഓണത്തോടനുബന്ധിച്ച് നടത്തിയ കൊളോണ്‍ പൊക്കാൽ (ട്രോഫി) ചീട്ടുകളി മൽസരത്തിലെ വിജയികൾക്കുള്ള ട്രോഫികൾ സ്പോർട്സ് സെക്രട്ടറി പോൾ ചിറയത്ത് തദവസരത്തിൽ വിതരണം ചെയ്തു.

കേരള സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി, ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവർ പ്രസംഗിച്ചു. സമാജം കൾച്ചറൽ സെക്രട്ടറി ജോസ് കുന്പിളുവേലിൽ, ഡോ.സോണിയ പുതുശേരി എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു. ഓണസദ്യയെ തുടർന്ന് ഗാനമേളയോടുകൂടി പരിപാടികൾ സമാപിച്ചു.

കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്‍റ്), പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ കൂടാതെ ജോസി ചെറിയാൻ, ലില്ലിക്കുട്ടി, ജോസ്/മേരി അരീക്കാടൻ, മോളി നെടുങ്ങാട്, മേരി പുതുശേരി, അമ്മിണി കോയിക്കര, സാലി ചിറയത്ത്, ഷീന കുന്പിളുവേലിൽ, എൽസി വടക്കുംചേരി, ജോയൽ കുന്പിളുവേലിൽ, ക്ളിന്‍റണ്‍, ക്ളിൻസ് പുതുശേരി എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ