ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് ബൈബിൾ കലോത്സവം ഒക്ടോബർ ഒന്നിന്
Friday, September 22, 2017 9:52 AM IST
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് ബൈബിൾ കലോത്സവം ഒക്ടോബർ 1 ഞായറാഴ്ച ബൂമോണ്ട് ആർട്ടൈൻ ഹാളിൽ വച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1.30നു ഹാളിനു സമീപമുള്ള സെൻറ് ജോണ്‍ വിയാനി പള്ളിയിൽ വച്ചു നടക്കുന്ന വി. കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് 2.30ന് ആർട്ടൈൻ ഹാളിൽ ഡബ്ലിൻ അതിരൂപത വികാരി ജനറൽ മോണ്‍. പോൾ കല്ലൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ അയർ്ലൻഡ് കോർഡിനേറ്റർ മോണ്‍. ആന്‍റണി പെരുമായൻ അധ്യക്ഷത വഹിക്കും.

വൈകിട്ട് 8 വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ 9 മാസ് സെന്‍ററുകളിൽ നിന്നുള്ള പ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്. ഡബ്ലിൻ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.

ബൈബിൾ ക്വിസ് 2017 ൽ Juniors, Seniors, Supper seniors വിഭാഗങളിൽ സമ്മാനാർഹരായവർക്ക് വേദിയിൽ സമ്മാനങ്ങൾ നൽകും.സണ്‍ഡേ സ്കൂൾ സെൻട്രൽ ലെവൽ പരീക്ഷയിൽ സ്കോളർഷിപ് നേടിയ 5, 10 ക്ലാസിലെ കുട്ടികളെ ആദരിക്കും. ജൂനിയർ സെർട്ട്, ലീവിംഗ് സെർട്ട് എന്നീ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ അവാർഡ് നൽകി ആദരിക്കും. വിവാഹത്തിന്‍റെ സിൽവർ ജൂബിലി ഈ വർഷം ആഘോഷിക്കുന്ന ദന്പതികളെ ബൈബിൾ കലോത്സവവേദിയിൽ ആദരിക്കും.യൂത്ത് ഇഗ്നറ്റ് സംഘടിപ്പിച്ച ഷോർട് ഫിലിം മത്സര വിജയിക്കും വർഷത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീർ കവർ, പേര് മത്സര വിജയിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.

പൊതുയോഗ വേദിയിൽ ആദരിക്കപ്പെടുന്നവർ ഉച്ചക്ക് 2.30ന് മുൻപായി Beaumont Artine Hall, ബൈബിൾ കലോത്സവവേദിയിൽ സന്നിഹിതരാകണം. പൊതുയോഗത്തിനു ശേഷം അരങ്ങേറുന്ന വിശ്വസത്തിന്‍റെ ആഘോഷമായ ബൈബിൾ കലോത്സവത്തിന്‍റെ നിറസന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ബൈബിൾ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേർന്ന് കൂട്ടായ്മയിൽ പങ്കുചേരാൻ വിശ്വാസികൾ ഏവരെയും ഒക്ടോബർ 1 ന് ബൂമോണ്ട് ആർട്ടൈൻ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്‍റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്