മെൽബണിൽ ഓണം ആഘോഷിച്ചു
Wednesday, September 27, 2017 11:16 AM IST
മെൽബണ്‍: മെൽബണിലെ ക്യാച്ച് ഓഫ് ദി ഡേ എന്ന കന്പനിയിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ട്രൂഗനീന വെയർഹൗസിൽ നടന്ന ആഘോഷ പരിപാടിയിൽ ഇന്ത്യയിൽനിന്നും മലയാളികളെ കൂടാതെ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും ശ്രീലങ്ക, ജർമനി, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിലെ പൗരൻമാരും പങ്കുചേർന്നു.

വിദേശീയരായ ഉടമസ്ഥർ ഉൾപ്പെടെ എല്ലാവരും കേരള വസ്ത്രം അണിഞ്ഞ് മലയാളികൾ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് ഓണസദ്യ വിളന്പി. സദ്യയുടെ മുഴുവൻ ചിലവും കന്പനി തന്നെ വഹിച്ചു. തുടർന്നു വിവിധ കലാ, കായിക പരിപാടികളും അരങ്ങേറി. ഓണ ദിവസം ആഘോഷങ്ങൾക്ക് ചെലവഴിച്ച സമയത്തിനു കന്പനി ശന്പളം നൽകി.

ഡയറക്ടർമാരായ ഗാബി, ഹസി ലിയോബോവിച്ച്, സൂപ്പർവൈസർമാരായ സോജി ആന്‍റണി, ബിനോയി പോൾ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് എം. ജോർജ്