മെൽബണ്‍ സീറോ മലബാർ രൂപത പാസ്റ്ററൽ കൗണ്‍സിൽ സെപ്റ്റംബർ 29, 30 തീയതികളിൽ
Wednesday, September 27, 2017 11:17 AM IST
മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൗണ്‍സിൽ സെപ്റ്റംബർ 29, 30 (വെള്ളി, ശനി) തീയതികളിൽ മെൽബണിലെ മുറൂൾബാർക്കിലെ ഫൂട്ഹിൽസ് കോണ്‍ഫറൻസ് സെന്‍ററിൽ നടക്കും.

വെള്ളി രാവിലെ 10ന് പാപ്പുവ ന്യൂഗിനിയയുടെയും സോളമൻ ഐലൻഡിന്‍റെയും അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആർച്ച് ബിഷപ് കുര്യൻ വയലുങ്കലിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ സമ്മേളനം ആരംഭിക്കും. മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി എന്നിവർ ഉൾപ്പെടെ രൂപതയിലെ എല്ലാ വൈദികരും ദിവ്യബലിയിൽ സഹകാർമികരായിക്കും.

സ്വവർഗ വിവാഹം, യുവജന വർഷം 2018, സേഫ് ഗാർഡിംഗ് ചിൽഡ്രൻ എന്നീ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടക്കും. മെൽബണ്‍ അതിരൂപത മാര്യജ് ആൻഡ് ഫാമിലി എപ്പിസ്കോപ്പൽ വികാരി ഫാ. ടോണി കെറിൻ, ഓസ്ട്രേലിയൻ കാത്തലിക് യൂണിവേഴ്സിറ്റി പ്രഫസർ ഡോ.ഡെറിൽ ഹിഗിൻസ്, രൂപത സാൻതോം ട്രസ്റ്റിന്‍റെ ബോർഡ് മെംബറും ന്യൂകാസിൽ സീറോ മലബാർ മിഷൻ പാസ്റ്ററൽ കൗണ്‍സിൽ മെംബറമായ ഡോ.സിറിയക് മാത്യു, രൂപത സേഫ് ഗാർഡിംഗ് ടീം അംഗങ്ങളായ ലിസി ട്രീസ, ബെന്നി സെബാസ്റ്റ്യൻ, രൂപത ഫിനാൻഷ്യൻ കൗണ്‍സിൽ മെംബറും രൂപത അക്കൗണ്ടന്‍റുമായ ആന്‍റണി ജോസഫ്, ഡാർവിനിലെ മതബോധന വിഭാഗം പ്രധാന അധ്യാപകൻ സോജിൻ സെബാസ്റ്റ്യൻ, ലീഡർഷിപ്പ് കണ്‍സൾട്ടന്‍റ് ഡോണി പീറ്റർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള അത്മായ പ്രതിനിധികളും ഉൾപ്പെടെ 50 പേർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാസ്റ്ററൽ കൗണ്‍സിലിൽ പങ്കെടുക്കും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ