നജഫ്ഗഡ് ക്ഷേത്രത്തിൽ വിദ്യാരംഭവും സമൂഹ ഉൗട്ടും നടത്തി
Sunday, October 1, 2017 2:36 AM IST
ന്യൂഡൽഹി : ചോറ്റാനിക്കര ശ്രീഭഗവതിയുടെ ചൈതന്യം കുടികൊള്ളുന്ന ഡൽഹിയിലെ ആദ്യത്തെ ദേവീ ക്ഷേത്രമായ നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭത്തിനും സമൂഹ ഉൗട്ടിനുമായി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുക്കണക്കിനു ഭക്ത ജനങ്ങൾ എത്തിച്ചേർന്നു.

രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇരുതിരിയിട്ട നെയ്വിളക്കിന്‍റെ ശോഭയിൽ ശ്രീകോവിലിന് അഭിമുഖമായി തയ്യാറാക്കിയ പീഠത്തിലിരുത്തി കുഞ്ഞുങ്ങളുടെ നാവിൽ മേൽശാന്തി അഖിൽ ദേവ് സ്വർണ്ണാക്ഷരങ്ങൾ കുറിച്ചു. അതിനുശേഷം തളികയിലൊരുക്കിയ അരിമണികളിൽ കുട്ടികളുടെ കൈപിടിച്ചു ’ഹരി ശ്രീ ഗണപതയെ നമഃ’ എന്ന് എഴുതിച്ചു. ചടങ്ങു പൂർത്തിയാക്കിയ കുട്ടികളുടെ മാതാപിതാക്കൾ ദക്ഷിണ നൽകി തിരുനടയിൽ കാണിക്കയുമർപ്പിച്ചു തൊഴുതു.

വിജയ ദശമിയോടനുബന്ധിച്ചു വിശേഷാൽ പൂജകളും ദീപാരാധനയും ഉണ്ടായിരുന്നു. ഭഗവതി ഭജന സമിതിയിലെ ഗായികമാർ ആലപിച്ച ദേവീ സ്തുതികൾ ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കി. ഉച്ചക്ക് നടന്ന സമൂഹ ഉൗട്ടിൽ മലയാളികളെ കൂടാതെ ഇതര ഭാഷീയരായ ധാരാളം ഭക്തജനങ്ങളും പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി