നാഗവാരവിമാനത്താവളം മെട്രോയ്ക്ക് ചെലവ് 5,900 കോടി
Wednesday, October 4, 2017 10:07 AM IST
ബംഗളൂരു: നാഗവാരയിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള മെട്രോ പാതയ്ക്ക് വഴിതെളിയുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതി റിപ്പോർട്ട് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മുഖ്യമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ചു. 29 കിലോമീറ്റർ നീളം വരുന്ന പാതയ്ക്കായി 5,900 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ പദ്ധതി റിപ്പോർട്ട് മന്ത്രിസഭയിൽ ചർച്ചയ്ക്ക് വയ്ക്കും.

നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന ഗോട്ടിഗരെ നാഗവാര പാതയുടെ തുടർച്ചയായാണ് വിമാനത്താവളത്തിലേക്കുള്ള പാത. 21.25 കിലോമീറ്റർ നീളമുള്ള ഗോട്ടിഗരെ നാഗവാര പാത പൂർത്തിയായാൽ മാത്രമേ നാഗവാരയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള പാത പൂർണമായ രീതിയിൽ പ്രയോജനപ്പെടുത്താനാകൂ.

റിപ്പോർട്ട് പ്രകാരം നിർദിഷ്ട പാതയിൽ ആറ് സ്റ്റേഷനുകളാണുള്ളത്. വിമാനത്താവളത്തിനു സമീപം രണ്ടു സ്റ്റേഷനുകളുണ്ടാകും. ഹെഗ്ഡെ നഗർ, ജാക്കൂർ, യെലഹങ്ക, ചിക്കജാല എന്നിവിടങ്ങളിലായിരിക്കും മറ്റു സ്റ്റേഷനുകൾ. പാത യാഥാർഥ്യമായാൽ നാഗവാരയിൽ നിന്ന് വിമാനത്താവളത്തിലെത്താൻ 25 മിനിറ്റ് മതിയാകും.